പാലാ : കനത്ത മഴയിലും, കാറ്റിലും മീനച്ചിൽ താലൂക്കിൽ വ്യാപകനാശം. 33 വീടുകൾ ഭാഗികമായി തകർന്നു. പാലാ നെല്ലിയാനി മേഖലയിൽ മരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി തൂണുകൾ തകർന്നു. വൻ കൃഷിനാശവും ഉണ്ടായി. പാലാ ജനതാ റോഡിൽ ഗതാഗതം സ്തംഭിച്ചു. ഓറഞ്ച് സ്ട്രീറ്റിലും ആഞ്ഞിലിമരം വീണ് വൈദ്യുതി ലൈൻ തകരാറിലായി. നിരവധി പേരുടെ വാഴ, ചേന, പച്ചക്കറി കൃഷികൾ നശിച്ചു. രാത്രി ഉണ്ടായ കനത്ത കാറ്റിലും മഴയിലും ഇടപ്പാടി വാളിപ്ലാക്കൽ കടവ് റോഡിൽ മരവും വൈദ്യുതി പോസ്റ്റും വീണ് ഗതാഗതം തടസപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് മെമ്പർമാരായ ജോസുകുട്ടി അമ്പലമറ്റം, രാഹുൽ ജി കൃഷ്ണൻ, ലാലു കളരിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് റോഡ് സഞ്ചാരയോഗ്യമാക്കി.
പാലാ സെന്റ് തോമസ് കോളേജിന്റെ ലൈബ്രറി കെട്ടിടത്തിന്റെ നാലാം നിലയിൽ സ്ഥാപിച്ചിരുന്ന ബി.എസ്.എൻ.എൽ മൊബൈൽ ടവർ കാറ്റിൽ നിലംപൊത്തി. കെട്ടിടത്തിന്റെ മുകളിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്നതായിരുന്നു ടവർ. ഇരുമ്പുകൊണ്ടുള്ള ടവർ ഫ്രെയിം പൂർണമായും തകർന്നു. സിഗ്‌നൽ, ട്രാൻസ്‌മിഷൻ സംവിധാനങ്ങളും കേബിളുകളും തകർന്നു. മുറ്റത്തേയ്ക്ക് വീണതിനാൽ കോളേജ് കെട്ടിടത്തിന് കേടുപാടുകളില്ല. താലൂക്കിന്റെ വിവിധ മേഖലകളിൽ ഇന്നലെ രാത്രിയിലും കനത്ത മഴ തുടരുകയാണ്.
കനത്ത കാറ്റിലും മഴയിലും ഇടപ്പാടി വാളിപ്ലാക്കൽ കടവ് റോഡിൽ മരവും വൈദ്യുതി പോസ്റ്റും വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |