ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാക് ആക്രമണമുണ്ടായ ജമ്മു കാശ്മീരിലെ അതിർത്തി ഗ്രാമങ്ങൾ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പൂഞ്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തിയ അദ്ദേഹം ഗ്രാമീണരെ ആശ്വസിപ്പിച്ചു. ഷെല്ലാക്രമണത്തിൽ കേടുപാടുകളുണ്ടായ വീടുകൾ സന്ദർശിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട ഇരട്ട സഹോദരങ്ങളുടെ വീട്ടിലുമെത്തി. പരിക്കേറ്റ് ചികിത്സയിൽ തുടരുന്നവരെ ആശുപത്രികളിലെത്തി കണ്ടു. സമീപത്തെ സ്‌കൂളിലെത്തിയ രാഹുൽ വിദ്യാർത്ഥികളുമായി സംവദിച്ചു. എല്ലാം സാധാരണ നിലയിലാകുമെന്നും സങ്കീർണ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും രാഹുൽ പറഞ്ഞു. പിന്നീട് മാദ്ധ്യമങ്ങളോട് സംസാരിച്ച രാഹുൽ, ദേശീയ തലത്തിൽ അവരുടെ ആശങ്കകൾ ഉന്നയിക്കുമെന്ന് ഉറപ്പ് നൽകി. ജനങ്ങളുമായി സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു. ദേശീയ തലത്തിൽ ഈ വിഷയം ഉന്നയിക്കാൻ അവർ എന്നോട് അഭ്യർത്ഥിച്ചു, അത് ചെയ്യും. പാക് ആക്രമണത്തിൽ നാശനഷ്ടമുണ്ടായ ഗീത ഭവൻ ക്ഷേത്രത്തിൽ രാഹുൽ പ്രാർത്ഥന നടത്തി. ഷെല്ലാക്രമണം നേരിട്ട പൂഞ്ചിലെ ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭയും സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |