കൊച്ചി: ചരക്കു കപ്പൽ ചരിയാനുള്ള കാരണം ഇനിവേണം തെളിയാൻ. മൺസൂണിന് തുടക്കമായതോടെ അറബിക്കടലിൽ ചുഴലിക്കാറ്റിന് സാദ്ധ്യത ഉണ്ടായിരുന്നു. കാലാവസ്ഥ മുന്നറിയിപ്പുകൾ ക്യാപ്റ്റൻ അവഗണിച്ചോ എന്ന് സംശയമുണ്ട്.
കാലാവസ്ഥ സൂക്ഷ്മമായി വിലയിരുത്തിയാണ് കപ്പലുകളുടെ യാത്രാപഥം നിർണയിക്കുക. കടൽക്ഷോഭത്തെ ഒഴിവാക്കാൻ കപ്പൽ തിരിച്ചുവിടുകയാണ് പതിവ്. ഇന്നലെ എം.എസ്.സി എൽസ 3 എന്തുകൊണ്ട് യാത്ര മാറ്റിയില്ലെന്നറിയേണ്ടതുണ്ട്.
കണ്ടെയ്നറുകൾ കപ്പലിൽ നിന്ന് കടലിൽ പതിക്കുക അസാധാരണമാണ്. കണ്ടെയ്നറുകൾ അടുക്കി ലോക്ക് ചെയ്ത ശേഷം ഇരുമ്പു ദണ്ഡുകൾ കൊണ്ട് പരസ്പരവും കപ്പലുമായും ബന്ധിപ്പിക്കും. ലാഷിംഗ് എന്ന ഈ പ്രക്രിയ കഴിഞ്ഞാൽ വലിയ അപകടങ്ങളിൽപ്പെട്ടാൽ മാത്രമേ കണ്ടെയ്നറുകൾ കടലിലേക്ക് വീഴുകയുള്ളൂ. ചെറിയ ചുഴികളിൽ ഇങ്ങനെ സംഭവിക്കുക പതിവില്ല. ലാഷിംഗ് കൃത്യമായോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് കപ്പലിലെ ചീഫ് ഓഫീസറും ഡെക്ക് ഓഫീസർമാരുമാണ്. ലാഷിംഗ് പിഴവുകൾ സംഭവിച്ചിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
കാർഗോ കപ്പൽ കണ്ടെയ്നർ കപ്പലായി
ജർമ്മൻ കമ്പനിയായ എർഷിഫാർട്ട് പോളണ്ടിലെ ഷിപ്പ്യാർഡിൽ നിർമ്മിച്ച് 1997ൽ നീറ്റിലിറക്കിയ ചരക്കു കപ്പലായിരുന്ന ജാൻ റിച്ചറാണ് ഒമ്പതു പേരുമാറ്റങ്ങൾക്ക് ശേഷം എം.എസ്.സി. എൽസ 3 എന്ന കണ്ടെയ്നർ കപ്പലായത്. കണ്ടെയ്നറുകൾ മദർ ഷിപ്പുകളിൽ കയറ്റാനും ഇറക്കിയവ ചെറു തുറമുഖങ്ങളിൽ എത്തിക്കാനും ഉപയോഗിക്കുന്ന ഫീഡൽ കപ്പലാണ് ഇപ്പോഴിത്. എന്നാണ് കണ്ടെയ്നർ കപ്പലായതെന്ന് വ്യക്തമല്ല. പഴയ കാർഗോ കപ്പലുകൾ ഫീഡർ കണ്ടെയ്നർ കപ്പലുകളാക്കി മാറ്റുന്നത് പതിവാണ്. അതിന്റെ പോരായ്മകൾ കപ്പലുകൾക്കുണ്ടാകും. എം.എസ്.സി കമ്പനിയുടെ തന്നെ നിരവധി കപ്പലുകൾ ഇങ്ങിനെ രൂപമാറ്റം വരുത്തിയവയാണ്.
വെള്ളം കയറിയതെങ്ങനെ?
കപ്പലിനുള്ളിൽ വെള്ളം കയറിയതാകാം ചരിയാൻ കാരണം. 26 ഡിഗ്രി ചരിവ് ഗുരുതര സ്വഭാവമുള്ളതാണ്. പഴയ കപ്പലാകയാൽ യന്ത്രഭാഗങ്ങൾ കടൽവെള്ളം ഉപയോഗിച്ച് കൂളിംഗിന് ഉപയോഗിക്കുന്ന പൈപ്പുകൾക്ക് ചോർച്ച സംഭവിക്കാനിടയുണ്ട്. ഇങ്ങനെ ഉള്ളിൽ കയറിയ ജലം യഥാസമയം പമ്പ് ചെയ്ത് കളയാൻ സാധിച്ചില്ലെങ്കിൽ ചരിയാം. മോശം കാലാവസ്ഥ ഇതിന് ആക്കം കൂട്ടിയിട്ടുമുണ്ടാകാം.
ഇനി എന്ത് ?
കപ്പലിലെ വെള്ളം പമ്പ് ചെയ്ത് മാറ്റണം. ചോർച്ച അടയ്ക്കണം. കണ്ടെയ്നറുകൾ വേറെ കപ്പലിലേക്ക് മാറ്റണം. കെട്ടിവലിച്ച് സുരക്ഷിതമായ ഇടത്തേക്കോ കപ്പൽശാലയിലേക്കോ മാറ്റണം. മുങ്ങുകയാണെങ്കിൽ അപകടകരമായ ചരക്കുകൾ നീക്കം ചെയ്യണം. ഉയർത്തിയെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ കപ്പൽചാലിലെ ഈ ഭാഗം അപകടമേഖലയായി പ്രഖ്യാപിക്കണം. കപ്പൽ നീക്കം ചെയ്യാനും ഉയർത്താനും മറ്റും സാൽവേജിംഗ് കമ്പനികളുണ്ട്. ദൗത്യം വിജയിച്ചാൽ മാത്രം ഇവർക്ക് പ്രതിഫലം നൽകിയാൽ മതി. ആ പ്രതിഫലം കനത്ത തുകയാകും. എൽസ 3 പഴഞ്ചൻ കപ്പലായതിനാൽ ലാഭകരമാകില്ല. അതുകൊണ്ടു തന്നെ ആ സാദ്ധ്യത കുറവാണ്.
എം.എസ്.സി. എൽസ 3
ഉടമസ്ഥർ: മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി)
നിർമ്മാണം: 1997
പതാക: ലൈബീരിയൻ
ഹോംപോർട്ട്: മൊൺറോവിയ
നിർമ്മാണം: പോളണ്ടിലെ സ്റ്റോസ്നിയ ഷിപ്പ്യാർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |