ഇനി നിലമ്പൂർ യുദ്ധം. ആവനാഴിയിലെ സകല ആയുധങ്ങളുമായി പോരാടാൻ ഇറങ്ങുകയാണ് ഇടതു, വലതു മുന്നണികളും എൻ.ഡി.എയേയും. ഈ പശ്ചാത്തലത്തിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും കേരളകൗമുദി പ്രത്യേക ലേഖകൻ കെ.പി. സജീവനുമായി സംസാരിക്കുന്നു
കോൺഗ്രസ് തിരിച്ചുവരും: അടൂർ പ്രകാശ്
1.പി.വി.അൻവറാണോ നിലമ്പൂരിൽ യു.ഡി.എഫിന്റെ ആയുധം?
അൻവർ യു.ഡി.എഫിനൊപ്പമാണ്. അൻവറിന്റെ സാന്നിദ്ധ്യം നിലമ്പൂരിലെ തിരഞ്ഞെടുപ്പിലുണ്ടാവും. എക്കാലവും കോൺഗ്രസിന്റേയും യു.ഡി.എഫിന്റേയും ശക്തമായ വേരുള്ള മണ്ഡലമാണ് നിലമ്പൂർ. അവിടെ കോൺഗ്രസ് തിരിച്ചുവരുന്ന കാഴ്ചയാവും ഇത്തവണ ഉണ്ടാവുക.
2.അൻവർ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിയായിരിക്കുമോ ഇത്തവണ?
കോൺഗ്രസിൽ അങ്ങനെയൊരു രീതിയില്ല. ആരെങ്കിലും പറയുന്നവരല്ല സ്ഥാനാർത്ഥി. കേരളത്തിലെ പാർട്ടിയിലെ മുതിർന്ന നേതാക്കളെല്ലാം ചർച്ച ചെയ്ത് തീരുമാനിച്ച് എ.ഐ.സി.സിക്ക് സമർപ്പിക്കും. അന്തിമ തീരുമാനം അവിടെയായിരിക്കും. അത് വൈകില്ല.
3.യു.ഡി.എഫ് കൺവീനറായ ശേഷമുള്ള താങ്കളുടെ ആദ്യ കടമ്പയാണ്?
തീർച്ചയായും. വലിയ കടമ്പയാണ്. പാർട്ടിയേയും മുന്നണിയേയും ഒരുപോലെ ചലിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകണം. പക്ഷേ, ഇത്തവണ അതൊരു ടാസ്‌കായി തോന്നുന്നില്ല. കാരണം ഈ സർക്കാരിനെതിരെ അത്രമാത്രം വലിയ ജനവികാരമാണുള്ളത്. പ്രത്യേകിച്ച് നിലമ്പൂരിൽ. വന്യമൃഗശല്യമടക്കം ഒരു പ്രശ്‌നത്തിനും പരിഹാരമില്ല. ജനം അങ്ങേയറ്റം പൊറുതിമുട്ടിയിരിക്കുകയാണ്. കൺവീനർ എന്ന നിലയിൽ തിരഞ്ഞെടുപ്പ് കഴിയുംവരെ നിലമ്പൂരിലുണ്ടാകും. ആരാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി. പാലക്കാട് നടത്തിയതുപോലുള്ള കൂറുമാറ്റം നോക്കിയിരിക്കുകയാണോ അവർ. ഇത്തവണ ആ പരിപ്പ് വേവില്ല. അവിടെ കിട്ടിയ അടികൊണ്ടൊന്നും അവർ പഠിച്ചില്ലേ.
4.വിജയം ഉറപ്പാണെന്ന് സി.പി.എം പറയുന്നു?
അവർക്കെന്താണ് പറഞ്ഞുകൂടാത്തത്. ഒരു കുട്ടി പരീക്ഷയെഴുതുക. എന്നിട്ട് ആ കുട്ടി തന്നെ പ്രഖ്യാപിക്കുക എനിക്ക് നൂറുശതമാനം മാർക്കാണെന്ന്. അതുപോലെയാണ് പിണറായിയും. സർക്കാർ വാർഷികം ആഘോഷിക്കുമ്പോൾ മുഖ്യമന്ത്രി തന്നെ പറയുന്നു ഞങ്ങൾക്ക് നൂറുശതമാനം മാർക്കുണ്ടെന്ന്. ഇതെന്തൊരു ജനാധിപത്യമാണ്. മാർക്കിടേണ്ടേത് ജനങ്ങളല്ലേ.
5.നിലമ്പൂരിലേത് ഇടത് സർക്കാരിന്റെ വിലയിരുത്തലാവുമോ?
ഈ സർക്കാരിനെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജനം വിലയിരുത്തും. അത്രമാത്രം ജനവിരുദ്ധമാണ് ഇടതുസർക്കാർ. സർവമേഖലകളും തകർന്നു. ഈ തിരിച്ചറിവിൽ നിന്നായിരിക്കും ജനം വിധിയെഴുതുക. കോൺഗ്രസിനെ സംബന്ധിച്ച് നിലമ്പൂരിൽ സ്ഥാനാർത്ഥിക്ക് പഞ്ഞമൊന്നുമില്ല. ഏറ്റവും സ്വീകാര്യനായ സ്ഥാനാർത്ഥിയാവും വരിക. ഞങ്ങൾ ജയിക്കുമ്പോൾ അവർ സമ്മതിക്കണം ഇടതു സർക്കാരിന് നൂറുമാർക്കല്ല പൂജ്യമാണ് ജനം നൽകിയതെന്ന്.
സ്വതന്ത്രന്മാരെല്ലാം അൻവറല്ല: ടി.പി. രാമകൃഷ്ണൻ
1.നിലമ്പൂരിൽ പി.വി. അൻവർ പണിതരുമോ?
എൽ.ഡി.എഫ് നിറുത്തിയ സ്ഥാനാർത്ഥിയാണ് അൻവർ. അവിടത്തെ ഇടതു പ്രവർത്തകരുടെ വോട്ടുകൾ കൊണ്ടാണ് അൻവർ ജയിച്ചത്. അൻവറേ പോയിട്ടുള്ളൂ. വോട്ടർമാർ അവിടെയുണ്ട്. ഒരാശങ്കയുമില്ല.
2.എൽ.ഡി.എഫ് സജ്ജമാണോ നിലമ്പൂരിൽ?
അൻവർ രാജിവച്ചതു മുതൽ ഇടതുപക്ഷം അവിടെ ഉപതിരഞ്ഞെടുപ്പിനായി സജ്ജമാണ്. ഘടകകക്ഷികളെല്ലാം കൂട്ടായ പ്രവർത്തനം നടത്തിവരുന്നു. ജൂൺ മൂന്നിനുള്ളിൽ ബൂത്ത് -മണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റികളെല്ലാം നിലവിൽ വരും. ഒപ്പം സ്ഥാനാർത്ഥിയും. എൽ.ഡി.എഫിന് ശക്തമായ വേരുള്ള മണ്ണാണ് നിലമ്പൂർ.
3.വീണ്ടുമൊരു സ്വതന്ത്ര പരീക്ഷണം ഉണ്ടാകുമോ?
സ്വതന്ത്രന്മാരെല്ലാം അൻവറല്ല. കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിലെല്ലാം നിരവധി സ്വതന്ത്രന്മാരെ സി.പി.എം പരീക്ഷിച്ചിട്ടുണ്ട്. അതിൽ വലിയ വിജയങ്ങളുമുണ്ടായി. പാർട്ടി ചിഹ്നത്തിലേ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കൂ എന്ന നിലപാടല്ല സി.പി.എമ്മിന്. ഓരോ പ്രദേശത്തേയും ജനകീയരേയും ജനങ്ങൾ ആഗ്രഹിക്കുന്നവരേയും അണിനിരത്തി മുന്നോട്ട് പോവും. ഇത്തവണ ആരാവും സ്ഥാനാർത്ഥി എന്നത് വരും ദിവസങ്ങളിൽ പാർട്ടിയും എൽ.ഡി.എഫും തീരുമാനിച്ചറിയിക്കും.
4.കോൺഗ്രസിലെ ആര്യാടൻ ഷൗക്കത്തിലേക്ക് ഒരു നോട്ടമുണ്ടോ?
എൽ.ഡി.എഫിന്, വിശേഷിച്ച് സി.പി.എമ്മിന് കേരളത്തിൽ മത്സരിപ്പിക്കാൻ ഒരു സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥയില്ല. തിരഞ്ഞെടുപ്പ് ഡേറ്റ് പറഞ്ഞാൽ അപ്പോൾ സ്ഥാനാർത്ഥിയെന്ന് പറഞ്ഞവരാണ് കോൺഗ്രസ്. ഒന്നും വന്നില്ലല്ലോ. വരട്ടെ നോക്കാം.
5.നിർണായകമായ മൂന്നാം സർക്കാരെന്ന ലക്ഷ്യത്തിലേക്കാണ് എൽ.ഡി.എഫ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാവുമോ?
അങ്ങനെ ഒരു വിലയിരുത്തലിന്റെ ആവശ്യമില്ല. എങ്കിലും നിലമ്പൂരിൽ എൽ.ഡി.എഫ് നേടുന്ന വലിയ വിജയം സർക്കാരിന്റെ നേട്ടമാവും. അത്രമാത്രം ജനകീയതയാണ് കഴിഞ്ഞ ഒമ്പതുവർഷക്കാലം കേരളത്തിൽ ഇടതു സർക്കാർ നേടിയത്. വികസന രംഗത്തെ കുതിച്ചുചാട്ടം എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാവും. കേരളത്തിന്റെ സമഗ്ര മേഖലയും മാറിയില്ലേ. കേരളം കൊള്ളില്ലെന്ന് ഇന്ന് ഏതെങ്കിലും നിക്ഷേപകർ പറയുന്നുണ്ടോ. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഒരു സ്കൂളോ ആതുരാലയമോ കേരളത്തിലുണ്ടോ. കേരളം മാറിയിട്ടുണ്ട്. അത് ജനം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ നിലമ്പൂരിൽ ഫലം വരുമ്പോൾ അവിടം ഇടതുപക്ഷത്തിൽ ഉറച്ചു നിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |