ജപ്പാനെ മറികടന്ന് ഇന്ത്യയുടെ മികച്ച മുന്നേറ്റം
കൊച്ചി: ജപ്പാനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു. നിലവിലുള്ള വില നിലവാരത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനം(ജി.ഡി.പി) 4.187 ലക്ഷം കോടി ഡോളറായി ഉയർന്നതാണ് നേട്ടമായത്. ജപ്പാന്റെ ഇപ്പോഴത്തെ ജി.ഡി.പിയുടെ മൂല്യം 4.186 ലക്ഷം കോടി ഡോളറാണ്. നേരിയ വ്യത്യാസത്തിലാണ് ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക മേഖലയായി മാറിയതെന്ന് രാജ്യത്തെ പ്രമുഖ ആസൂത്രണ ഏജൻസിയായ നീതി ആയോഗിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ബി.വി.ആർ സുബ്രഹ്‌മണ്യം പറഞ്ഞു. അമേരിക്ക, ചൈന, ജർമ്മനി എന്നിവയാണ് ജി.ഡി.പി മൂല്യത്തിൽ ഇന്ത്യയുടെ മുന്നിലുള്ളത്. അടുത്ത രണ്ടര വർഷത്തിനുള്ളിൽ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും സുബ്രഹ്‌മണ്യം കൂട്ടിച്ചേർത്തു. രാജ്യാന്തര നാണയ ഏജൻസിയുടെ കണക്കുകൾ അനുസരിച്ചാണ് ഇന്ത്യയുടെ ജി.ഡി.പി ജപ്പാനെ മറികടന്നത്.
അതേസമയം പ്രതിയോഹരി ജി.ഡി.പിയിൽ ജപ്പാനേക്കാൾ ഏറെ പിന്നിലാണ് ഇന്ത്യ. ഇന്ത്യയുടെ പ്രതിയോഹരി ജി.ഡി.പി കേവലം 2,880 ഡോളറും ജപ്പാന്റേത് 33,960 ഡോളറുമാണ്. ഇന്ത്യയിലെ ജനസംഖ്യ വർദ്ധനയാണ് ആഭ്യന്തര മൊത്തം ഉത്പാദനം കൂടാൻ സഹായിച്ചത്. ജർമ്മനിയുടെ പ്രതിയോഹരി ജി.ഡി.പി 55,910 ഡോളറാണ്.
നാലാം പാദ വളർച്ച 6.9 ശതമാനമാകും
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച 6.9 ശതമാനമാകുമെന്ന് പ്രമുഖ രാജ്യാന്തര ഏജൻസികൾ പ്രവചിക്കുന്നു. ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ജി.ഡി.പി വളർച്ച 6.2 ശതമാനമായി കുറഞ്ഞിരുന്നു. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെയിലും ജനുവരി മുതൽ മാർച്ച് വരെയുള്ള കാലത്ത് ഇന്ത്യയുടെ സാമ്പത്തിക മേഖല മികച്ച വളർച്ചയാണ് നേടിയതെന്ന് വിദഗ്ദ്ധർ പറയുന്നു.
ലോക സാമ്പത്തിക ശക്തികൾ
രാജ്യം ജി.ഡി.പി(കോടി ഡോളറിൽ)
യു.എസ്.എ 30.51 ലക്ഷം
ചൈന 19.23 ലക്ഷം
ജർമ്മനി 4.74 ലക്ഷം
ഇന്ത്യ 4.187 ലക്ഷം
ജപ്പാൻ 4.186 ലക്ഷം
യു.കെ 3.84 ലക്ഷം
ഫ്രാൻസ് 3.21 ലക്ഷം
ഇറ്റലി 2.42 ലക്ഷം
കാനഡ 2.23 ലക്ഷം
ബ്രസീൽ 2.13 ലക്ഷം
ജർമ്മനിയെ മറികടക്കുമെന്ന് ഐ.എം.എഫ്
ഇപ്പോഴത്തെ വളർച്ച നിരക്ക് തുടർന്നാൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ജി.ഡി.പി ജർമ്മനിയേക്കാൾ കൂടുമെന്ന് രാജ്യാന്തര നാണയ നിധി(ഐ.എം.എഫ്) വ്യക്തമാക്കി. പ്രതിവർഷം ആറ് ശതമാനം വളർച്ചയിൽ ഈ ലക്ഷ്യം വേഗത്തിൽ നേടാനാകും.
ഇന്ത്യയുടെ കരുത്ത്
1. 140 കോടി ജനങ്ങളുടെ വലിയ സാമ്പത്തിക വിപണി
2. വ്യാവസായിക, സാമൂഹിക മേഖലയിലെ ഉണർവ്
3. വിദേശ നിക്ഷേപകരുടെ പണമൊഴുക്കിലെ വർദ്ധന
4. കാർഷിക, ഗ്രാമീണ വിപണികളുടെ മികച്ച വളർച്ച
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |