നെടുമ്പാശേരി: ഒറ്റയ്‌ക്ക് താമസിക്കുന്ന വയോധികയായ റിട്ട. അദ്ധ്യാപികയെ ക്രൂരമായി ആക്രമിച്ച് നാല് പവൻ സ്വർണം കവർന്ന പ്രതി പിടിയിലായി. കുന്നുകര കുറ്റിപ്പുഴ അഭയം വീട്ടിൽ മുരളീധരന്റെ ഭാര്യ ഇന്ദിരയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പെരുമ്പാവൂർ സ്വദേശി അർജുൻ കൃഷ്ണയെ (23) ചെങ്ങമനാട് പൊലിസിന്റെ കസ്റ്റഡിയിലെടുത്തു.
ഇന്ദിരയുടെ തലയോട്ടിയിൽ മൂന്ന് പൊട്ടലുണ്ട്. കനമുള്ള വസ്തു ഉപയോഗിച്ച് അടിച്ചതാകാമെന്നു കരുതുന്നു. കാലിലെയും കൈയിലെയും എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. കവിളിലും ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ടീച്ചറിന്റെ വിദേശത്ത് പഠിക്കുന്ന കൊച്ചുമകളുടെ സുഹൃത്താണ് അർജുൻ കൃഷ്ണ. ഒറ്റയ്‌ക്ക് താമസിക്കുന്നതിനാൽ അപരിചിതർ വീട്ടിലെത്തിയാൽ ഇന്ദിര വാതിൽ തുറക്കാറില്ല. പിടിയിലായ യുവാവ് പലതവണ ഇന്ദിരയുടെ വീട്ടിലെത്തിയിട്ടുണ്ട്. പരിചയമുള്ളതിനാലാണ് ഇയാൾ എത്തിയപ്പോൾ വാതിൽ തുറന്നത്. സ്വർണം കവരുന്നതിനിടയിൽ പിടിവലിയുണ്ടായെന്നാണ് നിഗമനം. ഇതിനിടെ ക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നു.
ആക്രമണത്തിന് ശേഷം ഇന്ദിരയുടെ കൈയിലുണ്ടായിരുന്ന സ്വർണ വളയും മാലയും കവർന്ന യുവാവ് പുറത്തിറങ്ങി താക്കോലെടുത്ത് പുറത്ത് നിന്നു പൂട്ടിയ ശേഷം സ്ഥലം വിടുകയായിരുന്നു. രാത്രിയിൽ സമീപത്ത് താമസിക്കുന്ന സഹോദരൻ എത്തി പലതവണ ഇന്ദിരയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് സഹോദരന്റെ വീട്ടിൽ കരുതിയിരുന്ന മറ്റൊരു താക്കോൽ കൊണ്ട് വന്ന് വീട് തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കാണുന്നത്.
അബോധാവസ്ഥയിൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇന്ദിര. അപകട നില തരണം ചെയ്തിട്ടില്ല. ഇന്നലെ രാവിലെ അല്പ സമയം ബോധം തെളിഞ്ഞപ്പോൾ ടീച്ചർ തന്നെയാണ് അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞത്. മോഷ്ടിക്കപ്പെട്ട സ്വർണവും കണ്ടെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |