മുംബയ്: പുതിയ ടെസ്റ്റ് ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിന് ഇതിഹാസ താരം സുനിൽ ഗവാസ്കറുടെ ഉപദേശം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഗില്ലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്, ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. സഹകളിക്കാരുമായി എപ്പോഴും സംസാരിക്കുകയും എല്ലാ സമ്മർദ്ദങ്ങളെയും കൈകാര്യം ചെയ്യാൻ കഴിയുകയും വേണമെന്ന് ഗവാസ്ക്കറുടെ ഉപദേശം.
രോഹിത്തിന്റെ വിരമിക്കലിനുപിന്നാലെ ജസ്പ്രീത് ബുംറ, കെഎൽ രാഹുൽ എന്നിവരെ പരിഗണിക്കാതെയാണ് ഗില്ലിനെ ബിസിസിഐ ക്യാപ്റ്രനായി തെരഞ്ഞെടുത്തത്. ഗില്ലിന്റെ ക്യാപ്റ്റൻസി നിരവധി കളിക്കാരുടെ സാഹചര്യം മാറ്റുമെന്നും അതുകൊണ്ട് അദ്ദേഹം കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച് ടീമിലുള്ളവരോട് പെരുമാറേണ്ടതുണ്ടെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏതൊരു കളിക്കാരനുമേലും എപ്പോഴും സമ്മർദ്ദങ്ങളുണ്ട്. ടീമിൽ അംഗമാകുന്നതും ക്യാപ്റ്റനാകുന്നതും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. കാരണം ടീമിലെ അംഗമാകുമ്പോൾ അയാൾ സഹകളിക്കാരുമായി നന്നായി ഇടപഴകിയാൽ മാത്രം മതി. എന്നാൽ ഒരു ക്യാപ്റ്റനാകുമ്പോൾ ടീമിലെ മറ്റു സഹകളിക്കാരുമായി ബഹുമാനിക്കുന്ന രീതിയിൽ പെരുമാറേണ്ടതുണ്ട്. ഒരു ക്യാപ്റ്റന്റെ പെരുമാറ്റം അദ്ദേഹത്തിന്റെ പ്രകടനത്തേക്കാൾ പ്രധാനമാണെന്നും ഗവാസ്ക്കർ ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |