റിപ്പോ നിരക്ക് കാൽ ശതമാനം കുറയ്ക്കാൻ റിസർവ് ബാങ്ക്
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെയിൽ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുന്നതിനായി റിസർവ് ബാങ്ക് വീണ്ടും മുഖ്യ പലിശ നിരക്ക് കുറച്ചേക്കും. ഏപ്രിലിൽ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ആറ് വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ തലമായ 3.16 ശതമാനത്തിലെത്തിയതോടെ പലിശ കുറയ്ക്കാൻ അനുകൂല സാഹചര്യമാണെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു. ജൂൺ നാല് മുതൽ ആറ് വരെ നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണ യോഗത്തിൽ റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് 5.75 ശതമാനമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഉപഭോക്താക്കളുടെ ഭവന, വാഹന, വ്യക്തിഗത, കാർഷിക വായ്പകളുടെ പലിശയും ആനുപാതികമായി കുറയും. ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ നടന്ന ധന നയ യോഗങ്ങളിൽ റിപ്പോ നിരക്ക് കാൽ ശതമാനം വീതം കുറച്ചിരുന്നു. ഇതോടൊപ്പം നിക്ഷേപങ്ങളുടെ പലിശയും വാണിജ്യ ബാങ്കുകൾ കുറച്ചേക്കും.
വിപണി അനിശ്ചിതത്വം വെല്ലുവിളിയാകും
ഡൊണാൾഡ് ട്രംപിന്റെ തീരുവ വർദ്ധനയും ആഗോള രാഷ്ട്രീയ സംഘർഷങ്ങളും ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് കടുത്ത വെല്ലുവിളിയാണ്. അമേരിക്കയിലേക്ക് അയക്കുന്ന ഉത്പന്നങ്ങൾക്ക് പത്ത് ശതമാനം അധിക തീരുവ നൽകേണ്ടി വരുന്നതിനാൽ കയറ്റുമതിക്കാരുടെ മത്സരക്ഷമത കുറയുകയാണ്. ഇതോടൊപ്പം രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും വ്യവസായ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഈ സാഹചര്യത്തിൽ പലിശ ബാദ്ധ്യത കുറച്ച് വ്യവസായികളുടെ മത്സരക്ഷമത വർദ്ധിപ്പിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നു.
അനുകൂല സാഹചര്യം
1. ഏപ്രിലിലെ നാണയപ്പെരുപ്പം 3.16 ശതമാനമായി താഴ്ന്നതിനാൽ പലിശ കുറച്ചാലും വിലക്കയറ്റ ഭീഷണിയുണ്ടാവില്ല
2. ഡിസംബർ പാദത്തിൽ ജി.ഡി.പി വളർച്ച 6.2 ശതമാനമായി കുറഞ്ഞതിനാൽ വിപണിക്ക് ഉണർവ് പകരാൻ പലിശ ഇളവിന് സമ്മർദ്ദം ശക്തം
3. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകൾ തുടർച്ചയായി പലിശ കുറയ്ക്കുന്നതിനാൽ ഇന്ത്യയിലും സമാന നിലപാട് സ്വീകരിച്ചേക്കും
4. വിപണിയിൽ പണലഭ്യത വർദ്ധിപ്പിച്ച് പശ്ചാത്തല വികസന രംഗത്ത് അധിക നിക്ഷേപം ഉറപ്പാക്കാൻ പലിശ ഇളവ് സഹായിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |