മലപ്പുറം: യു ഡി എഫ് പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് മുൻ എം എൽ എ പി വി അൻവർ. മുന്നണിയിൽ എടുക്കണമെന്ന ആവശ്യത്തിൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. കുഞ്ഞാലിക്കുട്ടി മാത്രമാണ് പിന്തുണച്ചത്. ഇനി യു ഡി എഫിന്റെ കാല് പിടിക്കാനില്ലെന്നും അൻവർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അൻവർ രൂക്ഷമായി വിമർശിച്ചു. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നു. താൻ ധിക്കാരിയാണെന്ന് വരുത്തിതീർക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഇനി കെ സി വേണുഗോപാലിൽ മാത്രമാണ് തനിക്ക് പ്രതീക്ഷ. കാല് പിടിക്കുമ്പോൾ മുഖത്ത് ചവിട്ടരുത്. അധിക പ്രസംഗം നടത്തിയിട്ടില്ലെന്നും പിണറായിയെ പുറത്താക്കാനാണ് രാജിവച്ചതെന്നും അൻവർ കൂട്ടിച്ചേർത്തു.
യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തുമായി തനിക്ക് വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും അൻവർ പറഞ്ഞു.'തൃണമൂൽ കോൺഗ്രസ് ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയാൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരും. പത്ത് മന്ത്രിമാരെ അയച്ചുതരാമെന്നും പറഞ്ഞിട്ടുണ്ട്. ഇതൊക്കെ നിൽക്കുമ്പോഴും നമ്മൾ ലക്ഷ്യംവച്ചൊരു സംഗതിയുണ്ട്. അതിനായി നീങ്ങുകയാണ്. അപ്പോൾ ദയാവധത്തിന് വിട്ടിരിക്കുകയാണ്. എനിക്ക് ഇനി കെ സി വേണുഗോപാലിനോടേ സംസാരിക്കാനുള്ളൂ.'- പി വി അൻവർ പറഞ്ഞു. നിലമ്പൂരിൽ മത്സരിക്കുമോയെന്ന കാര്യം രണ്ട് ദിവസം കഴിഞ്ഞിട്ടേ പറയാനാകൂവെന്നും, യു ഡി എഫിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ തനിച്ച് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി പി എം തന്നെ കള്ളനാക്കാൻ ശ്രമിച്ചെന്നും അൻവർ ആരോപിച്ചു. എ ഡി ജി പി എം എർ അജിത് കുമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും അൻവർ പറഞ്ഞു. 'പിവി അൻവറിന്റെ പേരിൽ ഇരുപത്തിയെട്ട് കേസുണ്ടെന്ന് നിങ്ങൾക്കറിയുമോ? എങ്ങനെയാണ് ഇത്രയും കേസുണ്ടായത്? ഈ സർക്കാരിനെതിരെ പറഞ്ഞതുകൊണ്ടാണ്.'- അൻവർ വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് പി വി അബ്ദുൾ വഹാബ് എം പിയുടെ നിലമ്പൂരിലെ വീട്ടിൽ പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം എന്നിവരുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ കുഞ്ഞാലിക്കുട്ടിയുടെ വസതിയിലെത്തി അൻവർ മുസ്‌ലിം ലീഗ് നേതാക്കളെ കണ്ടിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം തീർന്നില്ലേ. ഇതിനും പരിഹാരം ഉണ്ടാകുമെന്നായിരുന്നു വൈകിട്ടത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |