തിരുവനന്തപുരം: കെൽട്രോണിന്റെ സഹായത്തോടെ കർഷക സൗഹൃദമായ വെബ്സൈറ്റും കശുമാവ് ഗ്രാഫ്റ്റുകൾ സുതാര്യവും സുഗമവുമായി ലഭ്യമാക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനവും നടപ്പിലാക്കി കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ഏകീകരിക്കുന്നതിന്റെ ഭാഗമായാണിത്.
വെബ്സൈറ്റിന്റെ ( www.ksacc.kerala.gov.in) ഉദ്ഘാടനം മന്ത്രി പി.രാജീവ് മന്ത്രിയുടെ ചേമ്പറിൽ നിർവ്വഹിച്ചു. കെൽട്രോൺ എം.ഡി വൈസ് മിറർ (റിട്ട.)ശ്രീകുമാർ നായർ, ബി.പി.ടി ചെയർമാൻ അജിത് കുമാർ, ബി. പി. ടി. സെക്രട്ടറി സതീഷ് കുമാർ, കെ.എസ്.എസ്.സി ചെയർമാൻ ഷിരീഷ് കേശവൻ, കെ.എസ്.എ.സി.സി കോകോർഡിനേറ്റർ എ.അഷറഫ്, ഇൻസ്പെക്ടർ ഒഫ് ഫാക്ടറി ആൻഡ് ബോയ്ലർസ് രമേശ് ചന്ദ്രൻ, കെൽട്രോൺ മാനേജർ അഞ്ജു എസ്.ബി. തുടങ്ങിയവർ പങ്കെടുത്തു.
ഡിജിറ്റൽ ഡോക്ടർ മുതൽ കലണ്ടർ വരെ
നടീൽ വസ്തുക്കൾ, നടീൽ രീതികൾ, കശുമാവ് ഇനങ്ങൾ, കശുമാവ് തൈകൾ ലഭ്യമാകുന്ന നഴ്സറികൾ, കശുമാവിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ, എന്നിങ്ങനെ വെബ്സൈറ്റിൽ കർഷകന് കശുമാവിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
1. കശുമാവ് കൃഷി ഡോക്ടർ ടൂൾ- കർഷകരുടെ സേവനത്തിനായി ഡിജിറ്റൽ ഡോക്ടർ
2. കശുമാവ് കൃഷി കലണ്ടർ- കശുമാവ് കൃഷിയിൽ ഓരോ മാസവും അനുവർത്തിക്കേണ്ട പരിപാലന മുറകൾ അറിയാനായി
3. കശുമാവ് കാൽക്കുലേറ്റർ - കൃത്യമായ കണക്കിലൂടെ മികച്ച വിളവ് നേടാനായി
4. കർഷകരുടെ പരാതികൾ, സംശയങ്ങൾ എന്നിവ പരിഹരിക്കുന്നതിനായുള്ള സേവനങ്ങൾ
സൗജന്യ ഗ്രാഫ്റ്റിനായി
ഓൺലൈൻ രജിസ്ട്രേഷൻ
കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭ്യമാക്കുവാൻ ജൂൺ 10 മുതൽ ഓൺലൈൻ വഴി രജിസ്ട്രേഷൻ ആരംഭിക്കും.
വെബ്സൈറ്റിൽ ഓൺലൈൻ മുഖേനയും, അപേക്ഷ ഫോറം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തോ അല്ലെങ്കിൽ ബന്ധപ്പെട്ട ജില്ല ഫീൽഡ് ഓഫീസറിൽ നിന്ന് അപേക്ഷ നേരിട്ട് സ്വീകരിച്ചോ പൂരിപ്പിച്ച് അയക്കാം. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 15 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0474- 2760456
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |