കൊച്ചി: മുങ്ങിയ ചരക്കുകപ്പൽ എം.എസ്.സി എൽസ 3ൽ നിന്ന് ഇന്ധനവും കണ്ടെയ്‌നറുകളും വീണ്ടെടുക്കുന്ന ദൗത്യം ആരംഭിച്ചു.മൂന്ന് ഘട്ടമായി ആസൂത്രണം ചെയ്യുന്ന ദൗത്യം ജൂലായ് ഏഴിന് പൂർത്തിയാകും. തന്ത്രപ്രധാനമേഖലയിൽ നിന്ന് കപ്പൽ നീക്കാനാണ് ഇന്നലെ കൊച്ചിയിൽ ചേർന്ന ഉന്നതതലയോഗം നിർദേശം നൽകിയത്. അതിനാൽ ഉപേക്ഷിക്കാനുള്ള നീക്കത്തിൽനിന്ന് കമ്പനിക്ക് പിൻമാറേണ്ടിവരും
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. സംസ്ഥാന സർക്കാർ പ്രതിനിധികൾ, മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി പ്രതിനിധികൾ, കസ്റ്റംസ്, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഇതുവരെ ഹാനികരമായ വസ്തുക്കൾ തീരത്തടിഞ്ഞിട്ടില്ലെന്ന് ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കപ്പൽ മുങ്ങിയെങ്കിലും ടാങ്കുകളിലെ ഇന്ധനം ചോർന്നിട്ടില്ല. കാത്സ്യം കാർബൈഡും മറ്റും സംഭരിച്ചിരുന്ന അപകടകരമായ കണ്ടെയ്‌നറുകൾ തീരത്ത് എത്തിയിട്ടില്ല.
എം.എസ്.സി ചുമതലപ്പെടുത്തിയ അമേരിക്കൻ സാൽവേജ് കമ്പനി കണ്ടെയ്‌നറുകൾ വീണ്ടെടുക്കുന്ന ദൗത്യം ഏറ്റെടുത്തു. 108 പേരാണ് സംഘത്തിൽ. അധികമായി 36 പേരെക്കൂടി നിയോഗിച്ചു. തീരത്തടിഞ്ഞ 50 കണ്ടെയ്‌നറുകളും കടലിൽ മുങ്ങിയ കണ്ടെയ്‌നറുകളും കരയ്‌ക്കെത്തിക്കും.
450 ടൺ
ഹാനികരമായ വസ്തുക്കളുള്ള 13 കണ്ടെയ്‌നറുകളും കപ്പലിന്റെ ടാങ്കിൽ 450 ടണ്ണോളം ഇന്ധനവുമാണുള്ളത്. ഈ കണ്ടെയ്നറുകൾ വായു കടക്കാതെയാണ് സൂക്ഷിച്ചിരുന്നത്. ടി.ആൻഡ്.ടി സാൽവേജിന്റെ നാല് ടഗുകൾ രണ്ടെണ്ണം സ്ഥലത്ത് സർവേയും എണ്ണ നീക്കലും തുടങ്ങി. രണ്ടെണ്ണം നാളെ എത്തും. തീരത്തടിഞ്ഞ കണ്ടെയ്‌നറുകൾ യാർഡിലേക്ക് മാറ്റുന്നത് രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
ആദ്യഘട്ടം
15 ദിവസത്തെ ദൗത്യം. ടഗ്ഗ് ബോട്ടുകളെയും ഉദ്യോഗസ്ഥരെയും മേഖലയിൽ എത്തിക്കും. സർവേ ഉപകരണവും ഡൈവിംഗ് ബോട്ടും ഉപയോഗിച്ചുള്ള ജോലികൾ ജൂൺ 12ന് മുമ്പ് തീർക്കും.
രണ്ടാം ഘട്ടം
ഒരു മാസത്തെ ദൗത്യത്തിൽ, ഒഴുകിനടക്കുന്ന കണ്ടെയ്‌നറുകൾ വീണ്ടെടുക്കൽ, തീരത്തടിഞ്ഞ മാലിന്യം നീക്കൽ, എണ്ണപ്പാട നീക്കൽ എന്നിവയാണ് പൂർത്തിയാക്കുക. ഇതിനൊപ്പം സൈറ്റ് സർവേയും അണ്ടർവാട്ടർ ഓപ്പറേഷൻ പ്ലാനും തയ്യാറാക്കും. അഞ്ച് ദിവസത്തെ ഗ്യാസ് ഡൈവിംഗ് ഈഘട്ടത്തിലാണ്.
മൂന്നാം ഘട്ടം
ജൂൺ 13ന് മുങ്ങിയ കപ്പലിൽ നിന്ന് എണ്ണ വീണ്ടെടുക്കൽ തുടങ്ങും. ഇത് ജൂലായ് മൂന്നിന് പൂർത്തിയാകും. പിറ്റേന്ന് മുതലാണ് കപ്പലിൽ നിന്ന് കണ്ടെയ്‌നറുകൾ ഉയർത്തുക. കപ്പലും ഉയർത്താനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |