ചണ്ഡിഗർ: ഹിമാചൽ പ്രദേശ് സർക്കാർ നിയമവിധേയമായി കഞ്ചാവ് കൃഷി ആരംഭിക്കാൻ ആലോചിക്കുന്നതായി സൂചന. ഔഷധമായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഹിമാചൽ പ്രദേശ് സർക്കാർ കഞ്ചാവ് കൃഷി ചെയ്യാൻ ആലോചിക്കുന്നത്. കഞ്ചാവിലയുടെ സത്ത് തങ്ങൾക്ക് അനുവദിക്കണം എന്ന ആവശ്യവുമായി ഇസ്രായേൽ, കാനഡ, മലേഷ്യ എന്നീ രാജ്യങ്ങൾ ഇവിടുത്തെ ബി.ജെ.പി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ മരുന്ന് വ്യവസായം വിപുലീകരിക്കുന്നതിന് വേണ്ടിയാണ് മൂന്ന് രാജ്യങ്ങളും കഞ്ചാവിന്റെ സത്ത് ആവശ്യപ്പെടുന്നത്.
ഇതുമാത്രമല്ല, കുളു, മണാലി, എന്നിവിടങ്ങളിൽ വളരുന്ന കഞ്ചാവ് ചെടികൾക്ക് ഗുണമേന്മ കൂടുതലാണെന്നുള്ളത് കൂടി കണക്കിലെടുത്താണ് രാജ്യങ്ങൾ ഹിമാചൽ പ്രദേശിനോട് തന്നെ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇവിടുത്തെ തണുപ്പുള്ള കാലാവസ്ഥ കഞ്ചാവ് കൃഷിക്ക് ഏറ്റവും അനുയോജ്യം എന്നാണ് കരുതപ്പെടുന്നത്. പ്രധാനമായും ക്യാൻസർ രോഗികൾക്കും, പ്രമേഹരോഗികൾക്കുമാണ് കഞ്ചാവ് സത്ത് അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച മരുന്ന് നൽകുക. കഞ്ചാവ് ഉപയോഗിച്ച് വേദന സംഹാരികളും നിർമ്മിക്കപ്പെടുന്നുണ്ട്.
നിയന്ത്രിതമായി കഞ്ചാവ് കൃഷി ചെയ്യുന്നതിൽ തെറ്റില്ലെന്ന് ഏതാനും എം.എൽ.എമാർ ഹിമാചൽ പ്രദേശ് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഇത് കൃഷി ചെയ്യുന്നതിലൂടെ വൻ തോതിൽ സംസ്ഥാനത്തേക്ക് വരുമാനം എത്തിച്ചേരുമെന്നതാണ് ഇവർ പറയുന്ന ന്യായം. മുൻപ് സംസ്ഥാനത്തെ കോൺഗ്രസ്, ബി.ജെ.പി സർക്കാരുകൾ ഇക്കാര്യം ആലോചിച്ചിരുനെങ്കിലും ഇക്കാര്യം നടപ്പിൽ വരുത്തുന്നത് വൻ വിവാദത്തിന് വഴി തെളിക്കും എന്നതിനാൽ പിന്മാറുകയായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ നടക്കുന്ന ഒപ്പിയം കൃഷിയിലൂടെ രാജസ്ഥാനും മദ്ധ്യപ്രദേശും തങ്ങളുടെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |