മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിച്ചേക്കുമെന്ന് സൂചന. തൃണമൂൽ കോൺഗ്രസ് സെക്രട്ടറിയേറ്റിൽ ഇക്കാര്യം തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. പാർട്ടിയെ യുഡിഎഫിൽ ഘടകകക്ഷിയാക്കിയാൽ മാത്രം പിന്മാറിയാൽ മതിയെന്നാണ് യോഗത്തിൽ വന്ന ധാരണ. സ്ഥാനാർത്ഥി പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് വിവരം.
അതേസമയം മത്സരവാർത്ത പി വി അൻവറും തള്ളിയില്ല. മത്സരിക്കുമോ എന്ന കാര്യത്തിൽ നാളെ പറയാം എന്നാണ് അൻവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നേരത്തെ അൻവർ രൂക്ഷവിമർശം ഉന്നയിച്ചിരുന്നു. താനുമായുള്ള ചർച്ച എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വേണ്ടെന്നുവച്ചത് വി ഡി സതീശൻ രാജി ഭീഷണി മുഴക്കിയതുകൊണ്ടാണെന്നും, തന്നെ ഒതുക്കാനാണ് സതീശൻ ശ്രമിക്കുന്നതെന്നും അൻവർ ആരോപിച്ചു.
'വി ഡി സതീശനുമായി യാതൊരു പ്രശ്നവുമില്ല. എന്നിട്ടും എന്നോട് ഈ കാണിക്കുന്നതിൽ നിഗൂഢമായ ലക്ഷ്യമുണ്ട്. അതെന്താണെന്ന് അന്വേഷിക്കുകയാണ്. കാര്യം എന്താണെന്ന് ഏകദേശം മനസിലായിട്ടുണ്ട്. അൻവറിനെ കൊല്ലുകയാണ് സതീശൻ ഈ തിരഞ്ഞെടുപ്പ് കൊണ്ട് ലക്ഷ്യംവയ്ക്കുന്നത്. ആ ചതിക്കുഴിയിലേക്ക് ഞാനില്ല.' അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |