മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലപാട് പി വി അൻവർ തിരുത്തണമെന്ന് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരായിരിക്കണമെന്ന് തീരുമാനമെടുക്കുന്നത് കോൺഗ്രസ് പ്രസ്ഥാനമാണ്. അതിനകത്തൊരു സംശയവും വേണ്ട. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അൻവർ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യത്തിൽ പി വി അൻവർ ഇന്ന് നിലപാട് വ്യക്തമാക്കും. യു ഡി എഫ് ഘടകകക്ഷിയാക്കിയില്ലെങ്കിൽ മത്സരിക്കാൻ തന്നെയാണ് അൻവറിന്റെ തീരുമാനം.
തൃണമൂൽ കോൺഗ്രസിന് യു ഡി എഫിൽ അസോസിയേറ്റഡ് മെമ്പർഷിപ്പ് വേണ്ടെന്നും ഘടകക്ഷിയായിത്തന്നെ ഉൾപ്പെടുത്തണമെന്നും തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പ്രതികരിച്ചു. ഘടകക്ഷിയാക്കാൻ യു ഡി എഫ് തയ്യാറാകാത്ത പക്ഷം അൻവർ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുമെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
എൽ ഡി എഫ് ഇന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കും. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാകുക. പൊതുസ്വതന്ത്രൻ വേണോ, അതോ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ നിർത്തണോയെന്ന് ചർച്ച ചെയ്ത് തീരുമാനമെടുക്കും.
സ്ഥാനാർത്ഥി പട്ടികയിൽ നിലമ്പൂർ ജില്ലാ അശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് അടക്കമുള്ളവരുടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |