നിലമ്പൂർ: ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ ഒരു പകൽ കൂടി കാത്തിരിക്കുമെന്ന് പിവി അൻവർ. യുഡിഎഫ് നേതാക്കളും മറ്റ് സാമുദായിക നേതാക്കളും ഉൾപ്പെടെ ആവശ്യപ്പെട്ടതിനാലാണ് ഇന്ന് പ്രഖ്യാപനം നടത്താതിരിക്കുന്നതെന്ന് അൻവർ പറഞ്ഞു. ഇന്ന് രാവിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്താൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് അൻവർ ഇക്കാര്യം പറഞ്ഞത്.
'പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ കാത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരൊക്കെ പറയുമ്പോൾ ആ വാക്ക് മുഖവിലയ്‌ക്കെടുക്കാതിരിക്കാൻ കഴിയില്ല. ഇന്ന് രാവിലെ 11 മണിക്ക് തൃണമൂൽ കോൺഗ്രസ് യോഗമുണ്ട്. അതിൽ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യും ' - പിവി അൻവർ പറഞ്ഞു.
യുഡിഎഫിൽ ഘടകക്ഷിയാക്കാതെ ഇനി ചർച്ചയില്ലെന്ന് അൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് യുഡിഎഫ് യോഗം ചേരുന്ന സാഹചര്യത്തിൽ കൂടിയാണ് അൻവർ ഒരു ദിവസം കൂടി കാത്തിരിക്കാൻ തീരുമാനിച്ചത്. അൻവർ ആദ്യം യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കട്ടെ എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കമുള്ള കോൺഗ്രസ് നേതാക്കൾ.
അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്‌ക്കില്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് അൻവർ ഇന്നലെ വൈകിട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, ഷൗക്കത്തിന് വിജയസാദ്ധ്യത ഇല്ലെന്നും ഷൗക്കത്ത് എംഎൽഎ ആവാനല്ല താൻ രാജിവച്ചതെന്നും അൻവർ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ തോറ്റാൽ യുഡിഎഫിൽ ആര് ഉത്തരവാദിത്തം ഏൽക്കുമെന്നും അൻവർ ചോദിച്ചു.
പൊതുസമൂഹത്തെക്കൂടി അറിയിച്ചുകൊണ്ട് മുന്നണിപ്രവേശം പ്രഖ്യാപിക്കണമെന്നതാണ് അന്‍വര്‍ കോണ്‍ഗ്രസിന് മുന്‍പില്‍ വച്ച നിബന്ധന. തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫ് പ്രവേശനം അനുവദിച്ചില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരരംഗത്ത് ഇറങ്ങും എന്നാണ് അന്‍വറിന്റെ ഇന്നലത്തെ നിലപാട്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷമായ ആരോപണങ്ങളും അൻവർ ഉന്നയിച്ചു. യുഡിഎഫിലെ ചില നേതാക്കളില്‍ വിശ്വാസമില്ലാതായെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |