മലപ്പുറം: സി.പി.എമ്മിന്റെ ധൈഷണിക മുഖമാണ് നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജ്. നിലപാടുകളിലെ ആർജ്ജവവും പരന്ന വായനയും എഴുത്തും ആറ്റിക്കുറുക്കിയുള്ള പ്രസംഗ ശൈലിയും 46കാരനായ സ്വരാജിനെ വേറിട്ടുനിറുത്തുന്നു. നിലമ്പൂർ സ്വദേശിയായ സ്വരാജ് വിദ്യാർത്ഥി,യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി. എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാൻ,ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്,സെക്രട്ടറി,അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പദവികൾ വഹിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്. ദേശാഭിമാനി റസിഡന്റ് എഡിറ്റർ,ഡി.വൈ.എഫ്.ഐ മുഖമാസിക യുവധാരയുടെ എഡിറ്റർ പദവി വഹിച്ചു. 2016 മുതൽ 2021 വരെ തൃപ്പൂണിത്തുറ എം.എൽ.എയായിരുന്നു. കോൺഗ്രസിലെ കെ. ബാബുവായിരുന്നു എതിരാളി. 2021ൽ വീണ്ടും മത്സരിച്ചപ്പോൾ ബാബുവിനോട് പരാജയപ്പെട്ടു. ആനുകാലികങ്ങളിലും പത്രങ്ങളിലുമുൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതി. 'ക്യൂബ ജീവിക്കുന്നു,പൂക്കളുടെ പുസ്തകം,മരണം കാത്ത് ദൈവങ്ങൾ' തുടങ്ങിയവ പ്രധാന കൃതികൾ.
മലപ്പുറം പോത്തുക്കല്ല് പാതാർ സുമാ നിവാസിലെ പി.എൻ.മുരളീധരൻ നായരുടെയും പി.ആർ.സുമംഗലി അമ്മയുടെയും മകനാണ്. സരിതയാണ് ജീവിതപങ്കാളി. തൃപ്പൂണിത്തുറയിലാണിപ്പോൾ താമസം. 2004ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.ബിയും മലയള സാഹിത്യത്തിലും സോഷ്യോളജിലും ബിരുദാനന്ദ ബിരുദവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |