തിരുവനന്തപുരം: കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.735 കിലോമീറ്റർ തുരങ്കപ്പാത 2030ൽ പൂർത്തിയാക്കും. 8.11 കിലോമീറ്ററിൽ ഇരട്ടത്തുരങ്കമാണ്. ഓരോന്നിലും ഇരട്ടപ്പാതയും. നാലു വർഷമാണ് നിർമ്മാണ കാലാവധി.
ഏറ്റവും സുരക്ഷിതമായ ന്യൂ ഓസ്ട്രിയൻ ടണലിംഗ് മെത്തേഡ് ആണ് ഉപയോഗിക്കുന്നത്. നൂറു വർഷത്തെ ഗ്യാരന്റിയുണ്ട്. എങ്കിലും 200- 300 വർഷം പ്രശ്നവുമുണ്ടാവില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. കൊങ്കൺ റെയിലിനാണ് നിർമ്മാണചുമതല. കേന്ദ്രവിജ്ഞാപനം രണ്ടാഴ്ചയ്ക്കകം ഇറങ്ങുന്നതോടെ നിർമ്മാണ കരാർ നൽകാനാകും.
താമരശേരി ചുരത്തിലെ ദുരിതയാത്രയ്ക്ക് പരിഹാരമാവും കോഴിക്കോട്ടെ ആനക്കാമ്പൊയിൽ മുതൽ വയനാട്ടിലെ മേപ്പാടിവരെ നീളുന്ന തുരങ്കപ്പാത. രണ്ട് തുരങ്ക മുഖത്തു നിന്നും ഒരേസമയം തുരക്കും. തുരക്കുന്നിടത്ത് അപ്പപ്പോൾ കോൺക്രീറ്റ്ചെയ്യും. ഓരോ തുരങ്കത്തിനും കോൺക്രീറ്റ് ചുമരടക്കം 12 മീറ്റർ വ്യാസം. D ആകൃതിയിലായിരിക്കും തുരങ്കങ്ങൾ. പരമാവധി ഉയരം 10 മീറ്റർ. രണ്ട്തുരങ്കങ്ങളും തമ്മിൽ 10 മീറ്റർ വരെ അകലവും 300 മീറ്റർ ഇടവിട്ട് കണക്ഷനുമുണ്ടാകും. അപകടങ്ങളുണ്ടായാൽ ഇതായിരിക്കും രക്ഷാമാർഗ്ഗം.
തുരങ്കത്തിന് 50 സെ. മീറ്റർ കനത്തിൽ ഉരുക്കു ചേർത്ത കോൺക്രീറ്റ് കവചമുണ്ടാവും. താപനിയന്ത്രണത്തിനും ഇത് സഹായിക്കും. കോൺക്രീറ്റ് റോഡായിരിക്കും.
തുരങ്കത്തിനടുത്തായി ഫയർസ്റ്റേഷൻ, ആശുപത്രി, ആംബുലൻസ് സജ്ജമാക്കണം. തുരങ്കത്തിന് 14. 995 ഹെക്ടർ സ്വകാര്യ ഭൂമിയേറ്റെടുക്കണം. ഖനനമാലിന്യ നിർമാർജനത്തിന് പത്തേക്കർ ഭൂമിവേണം. ഏറ്റെടുക്കുന്ന 34.3 ഹെക്ടർ വനഭൂമിക്ക് പകരം 17.27ഹെക്ടറിൽ മരം വച്ചുപിടിപ്പിച്ച് റിസർവ് വനമാക്കണം.
ഉറപ്പേറിയ പാറ,
ആശങ്ക വേണ്ട
1. 150 ദശലക്ഷം വർഷം പഴക്കമുള്ള പാറ സുരക്ഷിതമാണെന്നും ഉരുൾപൊട്ടലുണ്ടാകില്ലെന്നുമാണ് പഠനറിപ്പോർട്ട്. ഹിമാലയത്തിലെ ഉറപ്പില്ലാത്ത പാറതുരന്നാണ് അടൽ തുരങ്കമുണ്ടാക്കിയത്. മുകളിൽ നദിയുണ്ട്
2. പരിസ്ഥിതിലോല പ്രദേശത്ത് പരിസ്ഥിതി നാശം പരമാവധി കുറച്ചാവും നിർമ്മാണം. അത്യാധുനിക സാങ്കേതികവിദ്യ ഇതിന് സഹായിക്കും. 82 കി.മീ ദൈർഘ്യത്തിൽ തുരങ്കമുള്ളതാണ് കൊങ്കൺ റെയിൽപ്പാത
2134.5 കോടി
നിർമ്മാണ ചെലവ്
80കി.മി
പരമാവധി വേഗത
ഹൈടെക്ക് പാത
ഇരു കവാടങ്ങളിലും സുരക്ഷാ പരിശോധനാ സംവിധാനം
അമ്പത് മീറ്ററിടവിട്ട് നിരീക്ഷണ, വേഗനിർണയ ക്യാമറകൾ
75 മീറ്ററിടവിട്ട് കൺട്രോൾ റൂമിലേക്ക് വിളിക്കാൻ ഫോൺ
അപകടങ്ങൾ കണ്ടെത്താൻ ഓട്ടോമാറ്റിക് സംവിധാനം
ഓരോ കിലോമീറ്ററിലും വായുഗുണനിലവാര പരിശോധന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |