തിരുവനന്തപുരം: വിഴിഞ്ഞം കേന്ദ്രമാക്കി വികസനം അതിവേഗം സാദ്ധ്യമാക്കാൻ സംസ്ഥാന സർക്കാർ പുതിയ കമ്പനി രൂപീകരിച്ചു. ദുബായും സിങ്കപ്പൂരും പോർട്ട് സിറ്റി വികസിപ്പിച്ചത് മാതൃകയാക്കും.
കിഫ്ബിയുടെ നിയന്ത്രണത്തിൽ രൂപീകരിക്കുന്ന പുതിയ കമ്പനി രജിസ്റ്റർ ചെയ്യാൻ ഇന്നലെ അപേക്ഷ നൽകി. കിഫ്കോർ ലിമിറ്റഡ്, അല്ലെങ്കിൽ കിഫ്ഡാക് ലിമിറ്റഡ് എന്നായിരിക്കും പേര്. കമ്പനി രൂപീകരണത്തിന് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് കിഫ്ബിയുടെ കൺസൾട്ടന്റ് കമ്പനിയായ കിഫ്കോണിനെ ചുമതലപ്പെടുത്തി.
കൊല്ലം-ചെങ്കോട്ട ദേശീയപാത, കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ, പുതിയ ഗ്രീൻഫീൽഡ് ദേശീയപാത, വിഴിഞ്ഞം-കൊല്ലം ദേശീയ പാത, പുനലൂർ-നെടുമങ്ങാട് -വിഴിഞ്ഞം റോഡ് എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങൾ കമ്പനിയുടെ പ്രവർത്തന പരിധിയിൽ വരും.
വിദേശ നിക്ഷേപകർ അടക്കമുള്ള സംരംഭകർ അവരുടെ പദ്ധതി കമ്പനിയെ അറിയിച്ചാൽ മാത്രം മതി. ആവശ്യപ്പെടുന്ന പ്രദേശത്ത് ആവശ്യപ്പെടുന്നത്ര സ്ഥലം ഏറ്റെടുത്ത് പ്രോജക്ട് പ്രകാരമുള്ള നിർമ്മാണം നടത്തും. എല്ലാ സംവിധാനങ്ങളും ഒരുക്കിയാവും കൈമാറുക. സംരംഭകർ പലതരത്തിലുള്ള അനുമതികൾക്കായി സർക്കാരിന്റെയോ, ഉദ്യോഗസ്ഥരുടേയോ പിന്നാലെ നടക്കേണ്ട ആവശ്യമില്ല. ഗുജറാത്തിൽ മുന്ദ്ര പോർട്ട് കേന്ദ്രീകരിച്ച് അദാനി ഗ്രൂപ്പ് ഇത്തരത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ലോജിസ്റ്റിക്, ഐ.ടി മേഖലകൾ സംയോജിപ്പിച്ചുള്ള നഗര നിർമ്മാണമാണ് ലക്ഷ്യം. ഭൂമി വില കൊടുത്ത് വാങ്ങും.
നിക്ഷേപകർക്കുവേണ്ടി എം.എസ്.എം.ഇ ക്ലസ്റ്ററുകൾ, ലോജിസ്റ്റിക്സ് പാർക്കുകൾ, സംസ്‌കരണ ഹബ്ബുകൾ,ഗതാഗത ഇടനാഴികളുടെ വികസനം, തുറമുഖത്തേക്ക് ചരക്ക് എത്തിക്കാനുള്ള സൗകര്യം,ഗോഡൗണുകൾ, വമ്പൻ സ്റ്റോറേജ് തുടങ്ങിയവ സജ്ജമാക്കും.
ആന്ധ്രാപ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപറേഷൻ, ഹൈദരാബാദിലെ തെലങ്കാന സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപറേഷൻ ലിമിറ്റഡ് തുടങ്ങിയവ മാതൃകയായി മുന്നിലുണ്ട്.
1000 കോടി
കിഫ്ബി നൽകും
3 ലക്ഷം കോടി
പ്രതീക്ഷിക്കുന്ന
നിക്ഷേപം
20 കോടി
പ്രാരംഭ മൂലധനം
10000
നേരിട്ടുള്ള
തൊഴിലവസരം
1456 ച. കിലോമീറ്റർ:
വ്യവസായ മേഖലയാവും
ടൗൺഷിപ്പുകൾ
വ്യാപാര കേന്ദ്രം
*കാർഷിക ഉൽപാദനം കൂട്ടാനും അനുബന്ധ വ്യവസായ ഉൽപാദനവും തൊഴിലുമുണ്ടാക്കാനുമാകും
*കൊല്ലം,തിരുവനന്തപുരം മേഖലകളിൽ നിരവധി ടൗൺഷിപ്പുകളും വ്യാപാരകേന്ദ്രങ്ങളും ഉയരും
*ഐ.ടി,ഐ.ടി.അനുബന്ധ വ്യവസായ മേഖലയ്ക്ക് പുതിയ വ്യാപാര സാധ്യതയുണ്ടാകും
*പുതിയ ടൂറിസം സംരംഭങ്ങൾക്ക് സാധ്യത. ട്രാവൽ,ഹോട്ടൽ,റെസ്റ്റോറന്റ് സംരംഭങ്ങൾ വരും
* ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഘടക നിർമ്മാണ യൂണിറ്റുകളും അസംബ്ലിങ് യൂണിറ്റുകളും
* പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് അവസരമൊരുങ്ങും
തുറമുഖ അനുബന്ധ വ്യവസായ വികസനത്തിന് സമയം കളയാനില്ല. തടസം ഭൂമിയുടെ ലഭ്യതയാണ്. അത് പരിഹരിക്കാൻ പുതിയ കമ്പനിക്ക് കഴിയും
-കെ.എൻ.ബാലഗോപാൽ,
ധനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |