നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം.പി സിന്ധു മുമ്പാകെ ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജ്യോതിപ്പടിയിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരം ചന്തക്കുന്ന് ബസ് സ്റ്റാൻഡ് വരെ റോഡ് ഷോ നടത്തിയ ശേഷമായിരുന്നു പത്രികാ സമർപ്പണം. യു.ഡി.എഫ് നേതാക്കളായ പി.വി അബ്ദുൽവഹാബ് എം.പി,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി അനിൽകുമാർ എം.എൽ.എ,പി. അബ്ദുൽഹമീദ് എം.എൽ.എ,വി.എസ് ജോയി,ഇസ്മായിൽ മൂത്തേടം എന്നിവർ ഒപ്പമുണ്ടായിരുന്നു. രാവിലെ ആര്യാടൻ ഹൗസിൽ നിന്നും മാതാവ് പി.വി.മറിയുമ്മയുടെ അനുഗ്രഹം തേടി. മുൻമന്ത്രി ആര്യാടൻ മുഹമ്മദിന് 11 തിരഞ്ഞെടുപ്പിലും കെട്ടിവയ്ക്കാനുള്ള തുക നൽകിയിരുന്ന പുല്ലങ്കോട് എസ്‌റ്റേറ്റിലെ ഐ.എൻ.ടി.യു.സി തൊഴിലാളികളാണ് ഷൗക്കത്തിനും തുക നൽകിയത്.
നിലമ്പൂർ തിരിച്ചുപിടിക്കും
തൃശൂർ: ആര് സ്ഥാനാർത്ഥിയായി വന്നാലും നിലമ്പൂർ യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. പൂങ്കുന്നം മുരളീ മന്ദിരത്തിൽ ലീഡർ കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ തന്നെ പ്രവർത്തനം തുടങ്ങാനായതിനാൽ പിതാവിന് ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം വർദ്ധിപ്പിക്കാനാകും. ഒമ്പത് വർഷക്കാലത്തെ ദുഃസഹവും ദുരിതപൂർണവുമായ ഇടതുഭരണത്തിന് അറുതി വരുത്താനുള്ള ഒരു വലിയ പോരാട്ടത്തിന് നിലമ്പൂരിൽ തുടക്കം കുറിക്കുകയാണെന്നും ഷൗക്കത്ത് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്,എം.പി വിൻസെന്റ്, ടി.വി.ചന്ദ്രമോഹൻ,എ.പ്രസാദ്,അഡ്വ.സിജോ കടവിൽ, കെ.എച്ച്.ഉസ്മാൻ ഖാൻ,എം.എസ്.ശിവരാമകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |