ന്യൂഡൽഹി: തൊഴിലിന് പകരം ഭൂമി കേസിൽ ഡൽഹി റോസ് അവന്യു കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർ.ജെ.ഡി മേധാവി ലാലു പ്രസാദ് യാദവ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ കോടതിയുടെ നടപടികൾ സ്റ്റേ ചെയ്യാൻ ആവശ്യമായ കാരണങ്ങളൊന്നും കാണുന്നില്ലെന്ന് ജസ്റ്റിസ് രവീന്ദർ ദുദേജ ചൂണ്ടിക്കാട്ടി. ജൂൺ രണ്ടിന് തിങ്കളാഴ്ചയാണ് കേസിൽ വാദം തുടങ്ങുന്നത്.
അഴിമതി നിരോധന നിയമത്തിലെ 17 എ പ്രകാരമുള്ള അനുമതിയില്ലാതെയാണ് വിചാരണ കോടതി നടപടികളെന്ന് ലാലുവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.
പൊതുപ്രവർത്തകന്റെ ഔദ്യോഗിക ജോലിയുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്ക് മുൻകൂർ അനുമതി ആവശ്യമാണ്.
എന്നാൽ 17എ വകുപ്പിന്റെ സാധുത സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡി.പി സിംഗ് ചൂണ്ടിക്കാട്ടി. കുറ്റപത്രം തയ്യാറാക്കുന്ന ഘട്ടത്തിൽ പ്രത്യേക കോടതി ജഡ്ജിക്ക് ഈ വാദങ്ങൾ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. കുറ്റപത്രം പരിഗണിക്കുന്ന ഘട്ടത്തിൽ ലാലു പ്രസാദിന് എല്ലാ വാദങ്ങളും വിചാരണ കോടതിയിൽ ഉന്നയിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതിയുടെ നടപടികൾ സ്റ്റേ ചെയ്യാൻ ഇപ്പോൾ കാരണങ്ങളൊന്നും കണ്ടെത്താനായില്ല.
2022 ഒക്ടോബർ 10 ന് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകൾ മിസ ഭാരതി തുടങ്ങി16 പേർക്കെതിരെ കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരുന്ന 2004-2009 കാലത്ത് മുംബയ്, ജബൽപൂർ, കൊൽക്കത്ത, ജയ്പൂർ, ഹാജിപൂർ എന്നിവിടങ്ങളിൽ റെയിൽവേ ഗ്രൂപ്പ്-ഡി തസ്തികകളിൽ ജോലി നൽകിയതിന് പകരമായി വസ്‌തു സ്വന്തമാക്കിയെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |