കൊച്ചി: കപ്പൽ മുങ്ങിയതിന്റെ പേരിൽ മീൻ കഴിക്കുന്നതിലെ ആശങ്ക നീക്കാൻ വൈപ്പിനിലെ കാളമുക്കിൽ ഏഴിന് രാവിലെ 11ന് മത്സ്യമേള സംഘടിപ്പിക്കും. ഹൈബി ഈഡൻ എം.പി ഉൾപ്പെടെ ജില്ലയിലെ ജനപ്രതിനിധികളും ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരും തൊഴിലാളി നേതാക്കളും പങ്കെടുക്കും.
ജില്ലാ ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റിയാണ് മത്സ്യമേള സംഘടിപ്പിക്കുന്നത്. തുടർന്ന് മറ്റു തീരദേശങ്ങളിലും മത്സ്യമേള സംഘടിപ്പിക്കും. മേയ് 28ന് ഫിഷറീസ് മന്ത്രി വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങളുടെ ഭാഗമായാണ് മേള. അപകടത്തെക്കുറിച്ച് വിശ്വാസയോഗ്യമായ അന്വേഷണം നടത്തണം. കപ്പൽ അപകടത്തെ തുടർന്ന് മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര കർമ്മ പരിപാടികൾ ആവിഷ്‌കരിക്കണമെന്ന് സർക്കാരിനോട് കോ ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ദുരിതാശ്വസം അപര്യാപ്‌തം
പത്ത് ദിവസത്തിലേറെയായി മത്സ്യബന്ധനം നടത്താത്ത മേഖലയ്ക്ക് സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസം തികച്ചും അപര്യാപ്തമാണ്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മത്സ്യ തൊഴിലാളികളുടെ കടബാദ്ധ്യതയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ മത്സ്യ തൊഴിലാളികോൺഗ്രസ് സെക്രട്ടറി എം.എൽ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ചാൾസ് ജോർജ് വിഷയം അവതരിപ്പിച്ചു. പരമ്പരാഗത തൊഴിലാളി സമിതി നേതാക്കളായ പി.വി. ജയൻ, പി.എസ്. ആന്റണി, ബേസിൽ മുക്കത്ത് (കടൽ ), കെ.സി. രാജീവ് (എ.ഐ.ടി.യു.സി ), അബ്ദുള്ള ഉദയഭാനു, (യു.ടി.യു.സി), ഷിജി തയ്യിൽ (സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ), പി.ജി. സൗമിത്രൻ (പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി), പി.ജെ. ജോൺസൺ (കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ) തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |