ബേക്കൽ പാലം മുതൽ കോട്ടക്കുന്ന് വരെയുള്ള പള്ളിക്കര പഞ്ചായത്തിലെ ഒന്നാംവാർഡിലെയും പള്ളിക്കര കടപ്പുറം വരെയുള്ള ഇരുപത്തിരണ്ടാം വാർഡിലെയും ബേക്കലം തമ്പുരാൻ വളപ്പ് മുതൽ ചിറമ്മൽ തൃക്കണ്ണാട് വരെയുള്ള ഉദുമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെയും ഗോപാലപേട്ട മുതൽ കോട്ടിക്കുളം വലിയപള്ളി വരെയുള്ള പതിനാറാം വാർഡിലെയും തീരദേശങ്ങളിൽ താമസിക്കുന്ന ആകെയുള്ള 730 കുടുംബങ്ങളിൽ 350 വീട്ടുകാരും കലിതുള്ളി വരുന്ന കടലിനെ പേടിച്ചാണ് നാളുകൾ തള്ളിനീക്കുന്നത്.
കാലവർഷം നേരത്തെ എത്തുന്നു എന്ന കാലാവസ്ഥ മുന്നറിയിപ്പ് കേട്ടപ്പോൾ മുതൽ തുടങ്ങിയതാണ് ഇവരുടെ ആധി. അഞ്ച് ദിവസം തോരാതെ മഴ പെയ്തപ്പോൾ കടലും പ്രക്ഷുബ്ധമായി. തിരമാലകളുടെ ശക്തി വർദ്ധിച്ചപ്പോൾ ഏത് നിമിഷവും തങ്ങളുടെ കൂരയും കടലെടുക്കുമെന്ന് ഭയന്നാണ് ഇവർ കഴിഞ്ഞുകൂടിയത്. കടൽ ഭിത്തികൾ തിരമാലയുടെ ശക്തിയിൽ ഛിന്നഭിന്നമായി കിടക്കുകയാണ്. ചിതറിത്തെറിച്ച കരിങ്കല്ലുകളുടെ മുകളിലൂടെയാണ് വീടുകൾക്കുള്ളിലേക്ക് വെള്ളം അടിച്ചു കയറുന്നത്.
കോട്ടിക്കുളത്തെ ദാസന്റെയും ബാലന്റെയും ശ്യാമളയുടെയും പുഷ്പ ദണ്ഡോതി ആയത്താരുടെയും പത്മാവതിയുടെയും മിനിയുടെയും എല്ലാം വീടുകൾ കടലെടുക്കാൻ ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ലെന്നതാണ് സ്ഥിതി. അല്പം കൂടി കഴിഞ്ഞാൽ കാസർകോട്- ചന്ദ്രഗിരി സംസ്ഥാനപാതയും തിരകൾ കൊണ്ടുപോകുമെന്ന് ഉറപ്പാണ്. മൂന്നു വർഷംമുമ്പ് ഇവിടെ ഭയാനകമായ തരത്തിൽ വെള്ളം കയറിയതാണ്. അന്ന് തൃക്കണ്ണാട്, കോട്ടിക്കുളം ഭാഗങ്ങളിലെ തീരദേശത്ത് താമസിക്കുന്ന നൂറുകണക്കിന് ആളുകൾ സംസ്ഥാനപാത ഉപരോധിക്കുകയും സ്ഥലത്തെത്തിയ ജില്ലാ കളക്ടറെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. അന്ന് സമരം അവസാനിപ്പിക്കാൻ നൽകിയ പ്രഖ്യാപനവും ജലരേഖയായി.
കഴിഞ്ഞവർഷം പൊളിഞ്ഞുവീണു
ഈ വർഷവും ഭീതിയിലാണ് ശ്യാമള
കടലാക്രമണം രൂക്ഷമായ കഴിഞ്ഞ വർഷത്തെ കാലവർഷത്തിൽ പൊളിഞ്ഞതാണ് തൃക്കണ്ണാട് കടപ്പുറത്തെ ശ്യാമള ചന്ദ്രന്റെ വീട്. കടൽ ഭിത്തിയോട് ചേർന്ന് കിടക്കുന്ന വീടിന്റെ പിൻഭാഗത്തെ ചുമർ കടലെടുത്തിരുന്നു. ഒരു വിധം സിമന്റ് തേച്ചുപിടിപ്പിച്ചു വെച്ചിട്ടുള്ളത് ഇത്തവണയും തകർന്നേക്കുമെന്ന ആശങ്കയിലാണ് ശ്യാമളയും കുടുംബവും. 'കഴിഞ്ഞ തവണ വീട് വീണപ്പോൾ വാടക വീട് എടുത്താണ് പഞ്ചായത്ത് മാറ്റി താമസിപ്പിച്ചത്. വെടിപ്പാക്കിയെങ്കിലും പേടികാരണം വീട്ടിൽ കഴിയാൻ ഒക്കുന്നില്ല. മഴ വരുമ്പോൾ ഞങ്ങളും കുട്ടികളുമെല്ലാം മാറി താമസിക്കുകയാണ് ചെയ്യുന്നത്...' ശ്യാമള പറയുന്നു. ശ്യാമളയും ഭർത്താവ് ചന്ദ്രനും മക്കളായ രമ്യ, രേഷ്മ പേരക്കുട്ടികൾ എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്.
കടലേറ്റത്തിന്റെ കാരണം അജ്ഞാതം
കടലിൽ തിരമാലകളുടെ സ്വാഭാവികമായ ഒഴുക്ക് തടസപ്പെടുത്തുന്ന തരത്തിൽ പുലിമുട്ടുകൾ നിർമ്മിച്ച സ്ഥലങ്ങളിലാണ് കടലേറ്റവും കടലാക്രമണവും അതിതീവ്രമായ അനുഭവപ്പെടാറുള്ളതെങ്കിലും കഴിഞ്ഞ 15 വർഷമായി ബേക്കൽ, തൃക്കണ്ണാട് ഭാഗങ്ങളിൽ സംസ്ഥാന പാത വരെ വിഴുങ്ങുന്ന, കടൽ കയറിവന്ന പ്രതിഭാസത്തിന്റെ കാരണമെന്താണെന്ന് ആർക്കും ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ മൂന്ന് വർഷം മുമ്പ് തൃക്കണ്ണാട് സംസ്ഥാനപാത വരെ എത്തിയ കടലേറ്റത്തെ കുറിച്ച് ഒരു നിശ്ചയവുമില്ലെന്നാണ് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ശംഭു ബേക്കൽ പറയുന്നത്. കടലിൽ വേലിയേറ്റ പ്രവർത്തനം ഒരു പ്രത്യേക തീരഭാഗം തുടർച്ചയായി കരളുന്നതിനു കാരണമാകാം. ഇതു മനുഷ്യനിർമ്മിതമായ എല്ലാം കേടുവരുത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു. കാറ്റിന്റെ ദിശയും കരയോടടുത്ത അടിത്തട്ടിന്റെ ചരിവും രൂപവും തരംഗങ്ങൾ കരയ്ക്ക് വന്നടിക്കുന്നതിൽ വ്യത്യാസം വരുത്തും. നദീമുഖങ്ങളോടു ചേർന്നുള്ള കടൽത്തീരത്ത് സ്ഥിരമായ ധാരകൾ പ്രവർത്തുക്കുന്നുണ്ടാവാം. ഇത്തരം ധാരകൾ ചില കരകൾ കരളുന്നതിന് കാരണമാകാറുണ്ട്. ഈ ഭാഗത്തെ കടലേറ്റം അതിന്റെ ഭാഗമായിരിക്കാം.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |