പാലക്കാട്: വേനലവധി കഴിഞ്ഞെത്തുന്ന കുരുന്നുകളെ വരവേൽക്കാനൊരുങ്ങി ജില്ലയിലെ സ്കൂളുകൾ. ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി 1002 സ്കൂളുകളാണുള്ളത്. വിദ്യാഭ്യാസ ജില്ലാ ഓഫീസർമാരുടെയും ഉപജില്ലാ വിദ്യാഭാസ ഓഫീസർമാരുടെയും നേതൃത്വത്തിൽ സ്കൂളുകൾ സന്ദർശിച്ച് മുന്നൊരുക്കങ്ങളും ഫിറ്റ്നസ് പരിശോധനയും നടത്തി കഴിഞ്ഞെന്ന് അധികൃതർ പറഞ്ഞു. പ്രവേശനോത്സവ ഒരുക്കങ്ങൾ പൂർത്തിയാക്കി വിദ്യാർത്ഥികളെ കാത്തിരിക്കുകയാണ് ഗവ:മോയൻ എൽ.പി സ്കൂളും. വർണ്ണക്കടലാസുകൾ കൊണ്ടും വിവിധ കട്ട് ഔട്ട് കൾ കൊണ്ടും സ്കൂളുകളെ വർണാഭമാക്കി അദ്ധ്യാപകരും. പുതിയ പാഠപുസ്‌തകങ്ങൾ ഒരുക്കിയും, ക്ലാസ് മുറികളിൽ പുസ്‌തകങ്ങളിലെ ചിത്രങ്ങൾ വരച്ചും, കണക്കിലെ പട്ടികകൾ എഴുതി തയ്യാറാക്കിയും ക്ലാസ് മുറികൾ ഒരുങ്ങിക്കിഴിഞ്ഞു. മാർച്ച് 31 ന് യാത്ര പറഞ്ഞിറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് തിരികെ സ്കൂളുകളിലെത്തുമ്പോൾ പുതിയൊരന്തരീക്ഷമൊരുക്കി വരവേൽക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ. ചുമരുകളിൽ പെയിന്റടിച്ചും, മറ്റ് ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തിയുമുള്ള സ്കൂളുകളുടെ ഒരുക്കങ്ങൾ പൂർത്തിയായി. ബലൂണുകളും, മിഠായിയും, സമ്മാനങ്ങളും, അക്ഷരത്തൊപ്പിയും, അക്ഷരപ്പതാകയുമടക്കം നൽകി പ്രവേശനോത്സവം വ്യത്യസ്തമാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളാണ് അവധി ദിനമായ ഇന്നലെയും സ്കൂളുകളിൽ നടന്നത്. അഞ്ചു ഡിവിഷനുകളിലായി 124 കുട്ടികളാണ് മോയൻ സ്കൂളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നത്. വിവിധ കോമിക് വേഷങ്ങളിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികൾ നവാഗതരെ സ്വാഗതം ചെയ്യും. പ്രവേശനോത്സവ ഉദ്ഘാടനം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരൻ അദ്ധ്യക്ഷയാകും.
ബസുകളെല്ലാം ചെക്ക്ഡ് ഓക്കെ
അദ്ധ്യായന വർഷത്തിനു മുന്നോടിയായി സ്‌കൂൾ വാഹനങ്ങളുടെ പരിശോധന നടത്തി. ഡ്രൈവർമാർക്കായി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. 500 ലേറെ ബസുകൾ പരിശോധിച്ചു. 40 ബസുകൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചില്ല. അനുമതി ലഭിച്ച ബസുകൾക്ക് ചെക്ക്ഡ് ഓക്കെ സ്റ്റിക്കർ പതിപ്പിച്ചു. ബുധനാഴ്ച്ച കൂടി പരിശോധന നടത്തുമെന്ന് ആർ.ടി.ഒ സി.യു.മുജീബ് പറഞ്ഞു. ജി.പി.എസ് സംവിധാനം കൃത്യമല്ലാത്തവ, അപകടമുണ്ടായാൽ കൺട്രോൾ റൂമിൽ അറിയിക്കാനുള്ള പാനിക് ബട്ടൺ പ്രവർത്തിക്കാതിരിക്കുക, ജനലിന്റെ ഗ്ലാസ് വാതിലുകൾ പ്രവർത്തിക്കാതിരിക്കുക, വൈപ്പർ കേടായവ, വിദ്യാവാഹൻ ആപ്പിൽ ബന്ധിപ്പിക്കാത്തവ തുടങ്ങിയവയ്ക്കാണ് അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ച ബസുകൾ ന്യൂനതകൾ പരിഹരിച്ച ശേഷം ഹാജറാക്കിയാൽ അനുമതി നൽകും. പരിശോധനയ്ക്ക് വിധേയമാക്കാത്തതോ അംഗീകാരം ലഭിക്കാത്തതോ ആയ സ്കൂൾ ബസുകൾ നിരത്തിലിറക്കിയാൽ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |