വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്ത് കോട്ടേക്കുളം വാർഡിലെ തോട്ടിൽ നിർമ്മിച്ചിരിക്കുന്ന തടയണ ആശാസ്ത്രീയമെന്ന് ആരോപണം. കനത്ത മഴയിൽ മലയടിവാരത്തെ തോട്ടിൽ ഒഴുകിയെത്തുന്ന വെള്ളം ഒഴുകിപോകാൻ വേണ്ടത്ര വീതിയില്ലാത്ത ഷട്ടറാണ് ഇവിടെയുള്ളത്. ഇരുപത്തഞ്ച് അടിയോളം നീളത്തിലുള്ള തടയണയിലൂടെ വെള്ളം ഒഴുകാൻ മൂന്നടി മാത്രം വീതിയിലുള്ള വിടവ് മാത്രമാണുള്ളത്.
മലയോരത്ത് മഴ പെയ്യുമ്പോൾ വെള്ളത്തോടൊപ്പം ചപ്പു ചവറുകളും മരച്ചില്ലകളും തെങ്ങിൻ പട്ടകളും ഒഴുകിയെത്തി തടയണയിൽ അടിഞ്ഞു കൂടുന്നു. ഇതോടെ മൂന്നടിയുള്ള കോൺക്രീറ്റ് വിടവിലൂടെ വെള്ളം ഒഴുകാതെ തടയണ നിറഞ്ഞു കവിഞ്ഞു അടുത്ത പറമ്പിലേക്കും കൃഷിയിടത്തിലേക്കും വെള്ളപ്പൊക്കത്തിന് സമാന സാഹചര്യം ഉണ്ടാകുന്നു. പരിസരത്തെ കിണറുകളിൽ മലിന ജലം കയറി ഉപയോഗ ശൂന്യമാകുന്നുമുണ്ട്. പൂതനക്കയം, കൊർണപാറ, കന്നിമേരി, ഒടുകിൻചോട് എന്നിവിടങ്ങളിലെ മഴവെള്ളം മുഴുവൻ കോട്ടേക്കുളം തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. കലങ്ങി മറിഞ്ഞ വെള്ളത്തോടൊപ്പം മാലിന്യ കൂമ്പാരവും തടയണയിലേക്കാണെത്തുന്നത്. മഴയിൽ തോട്ടിൽ കുട്ടികളടക്കം കുളിക്കാനെത്തുന്നുണ്ട്. തടയണക്കു മുകളിൽ വെള്ളം കെട്ടികിടക്കുന്നതുകൊണ്ട് ഇവിടെ ഇറങ്ങി ഒഴുക്കിൽ പെട്ടാൽ ഷട്ടർ വിടവിലൂടെ താഴേക്ക് പോകും. താഴെ ഒഴുക്കിനോടൊപ്പം കല്ലിൻ കൂട്ടവുമുണ്ട്. ആശാസ്ത്രീയമായ നിർമ്മാണമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്നും ശാസ്ത്രീയമായി തടയണ പുതുക്കി പണിയണമെന്നും കോട്ടേക്കുളം സന്നദ്ധ സേന പ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നു.
തടസങ്ങൾ നീക്കാനിറങ്ങിയ യുവാക്കാൾ ഒഴുക്കിപ്പെട്ട് കാലൊടിഞ്ഞു
കഴിഞ്ഞ ദിവസം കോട്ടേക്കുളത്തെ ചെറുപ്പക്കാരുടെ സന്നദ്ധ സേന പ്രവർത്തകർ തടയണയിൽ അടിഞ്ഞു കൂടിയ ചപ്പുകളും മരച്ചില്ലകളും മാറ്റി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു യുവാക്കൾ ഒഴുക്കിൽപെട്ടു. ഒടുകിൻചോട് ബേബി, അണലിക്കൽ സജീഷ് എന്നിവരാണ് കുത്തൊഴുക്കിൽ അകപ്പെട്ടത്. തടയണയുടെ മുകളിൽ നിന്ന സജീഷ് മരക്കൊമ്പ് നീക്കിതോടെ ശക്തമായ കുത്തൊഴുക്കിൽ ഷട്ടർ വിടവിലൂടെ താഴേക്ക് പോകുകയായിരുന്നു. ബേബി പെട്ടന്ന് തന്നെ കരയിലേക്ക് എത്തിയെങ്കിലും സജീഷ് അമ്പതാടിയോളം താഴേക്കു ഒഴുകി പോവുകയുമായിരുന്നു. തടയണയുടെ കോൺക്രീറ്റ് ഭാഗത്ത് തട്ടി ഒരു കാലിന് ഓടിവ് പറ്റിയ സജീഷ് നീന്താൻ കഴിയാതെ തോട്ടിലെ കല്ലിൽ പിടിച്ചു കിടന്നപ്പോൾ സുഹൃത്തുക്കളായ പി.എം. സുനിൽ, ബാബു എന്നിവർ താങ്ങിയെടുത്താണ് കരയിലെത്തിച്ചത്. മുട്ടിനു മുകളിൽ എല്ലു പൊട്ടിയ സജീഷ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കു വിധേയനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |