തിരുവനന്തപുരം: ഒന്നു മുതൽ 12 വരെയുള്ള ക്ളാസുകളിലായി 40 ലക്ഷത്തോളം കുട്ടികൾ ഇന്ന് സ്കൂളിലെത്തും. പുത്തൻ ബാഗും കുടയും പുസ്തകങ്ങളുമായി പുഞ്ചിരി തൂകിയെത്തുന്ന കുട്ടികളെ വരവേൽക്കാൻ സ്കൂൾ മുറ്റങ്ങൾ അണിഞ്ഞൊരുങ്ങി. പ്രവേശനോത്സവത്തിന്റെ ആഹ്ലാദമാണ് എല്ലായിടത്തും. പ്ലസ് വൺ ക്സാസുകൾ 18 മുതലാണ് തുടങ്ങുന്നത്.
മൂന്നു ലക്ഷം കുട്ടികൾ ഒന്നാം ക്ളാസിലെത്തും. കഴിഞ്ഞവർഷം 2,98,848 കുട്ടികളാണ് ഒന്നാം ക്ളാസിൽ പ്രവേശനം നേടിയത്. സ്കൂൾ അദ്ധ്യയന സമയത്തെയും ദിവസങ്ങളുടെ എണ്ണത്തിലെയും മാറ്റമാണ് ഈ വർഷത്തെ മറ്റൊരു സവിശേഷത. ഇക്കാര്യത്തിൽ പത്താം തീയതിയോടെയേ അന്തിമ തീരുമാനമാകൂ.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രവേശന പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്യും. കൊട്ടാരക്കര താമരക്കുടി എസ്.വി.വി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ ഭദ്ര ഹരി രചിച്ചതാണ് പ്രവേശനോത്സവ ഗാനം.
മോദിയെ ചുംബിച്ച നൈസ മേപ്പാടി സ്കൂളിലേക്ക്
പ്രദീപ് മാനന്തവാടി
ചൂരൽമല (വയനാട്): വയനാട് ഉരുൾപൊട്ടലിൽ സഹോദരങ്ങളും പിതാവും നഷ്ടപ്പെടുകയും പ്രധാനമന്ത്രിയുടെ കരവലയത്തിലൊതുങ്ങി ലാളനമേൽക്കുകയും ചെയ്ത മൂന്നര വയസുകാരി നൈസമോൾ (റൂബിയ) നാളെ മേപ്പാടിയിലെ അലിഫ് പബ്ളിക് സ്കൂളിലെ എൽ.കെ.ജി ക്ളാസിലെത്തും.
ഉരുൾദുരന്തത്തിൽ ഉപ്പ ഷാജഹാൻ, കൂടപ്പിറപ്പുകളായ ഹീന (16),ഫൈസ (12) എന്നിവരെ നൈസമോൾക്ക് നഷ്ടമായി. ഒപ്പം നാലു ബന്ധുക്കളെയും. ഉമ്മ ജസീലക്കൊപ്പം അദ്ഭുതകരമായാണ് നൈസ രക്ഷപ്പെട്ടത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നൈസ ഉമ്മവച്ചതും, മോദി അവളെ ലാളിച്ചതുമെല്ലാം മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ആശുപത്രിയിലെത്തിയ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെല്ലാം നൈസയെ പ്രത്യേകം കണ്ടിരുന്നു. സെപ്തംബർ 28ന് നൈസയ്ക്ക് നാലു വയസാകും. സ്കൂൾ തുറക്കുകയാണെന്ന് അറിഞ്ഞപ്പോൾ മുതൽ നൈസയ്ക്ക് ആവേശമായി. അങ്ങനെയാണ് ഉമ്മ അവളെ സ്കൂളിലാക്കിയത്.
വിദ്യാഭ്യാസച്ചെലവ് വഹിച്ച് സതീശൻ
നൈസമോളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുടുംബത്തിന് വാക്കു നൽകിയിരുന്നു. കുട്ടിയുടെ കാര്യം നോക്കാൻ പി.എ. അജ്മലിന് നിർദ്ദേശവും നൽകി. കഴിഞ്ഞ ദിവസം അഡ്മിഷൻ ഫീസും വണ്ടിക്കൂലിയുമടക്കമുള്ള തുക വി.ഡി. സതീശൻ വീട്ടിലെത്തിച്ചു. ഇനിയുള്ള എല്ലാ ചെലവുകളും വഹിക്കുമെന്നും അദ്ദേഹമറിയിച്ചു. പെരുന്നാളിനും അദ്ദേഹം സഹായമെത്തിച്ചിരുന്നു. ഈ സ്നേഹം തങ്ങളുടെ കണ്ണ് നിറച്ചെന്ന് നൈസയുടെ ഉമ്മൂമ്മ ജമീല പറഞ്ഞു.
'സർക്കാരുൾപ്പെടെ എല്ലാവരും ചേർത്തു പിടിക്കുന്നുണ്ട്. ഉരുൾ ദുരിതബാധിതർക്കായുള്ള വീട് നിർമ്മാണം എൽസ്റ്റൺ എസ്റ്റേറ്റിൽ പുരോഗമിക്കുന്നുണ്ട്. പൂർത്തിയാൽ അവിടേക്ക് മാറണം. കൽപ്പറ്റയിൽ എവിടെയെങ്കിലും നൈസമേളെ ചേർക്കണം''.
- ഉമ്മ ജസീല
കൊവിഡിൽ പിറന്ന ത്രിമൂർത്തികൾ സ്കൂളിലേക്ക്
എം. സന്തോഷ്കുമാർ
അമ്പലപ്പുഴ: കോവിഡ് വ്യാപനം തുടരുന്ന വേളയിൽ യുവതി അടിയന്തര ശസ്ത്രക്രിയയിലൂടെ ജന്മംകൊടുത്തത്രിമൂർത്തികൾ ഇന്ന് സ്കൂളിലേക്ക്.
വാടയ്ക്കൽ കുട്ടപ്പശ്ശേരി വീട്ടിൽ വെൽഡിംഗ് തൊഴിലാളിയായ ടോണി വിൻസന്റിന്റെയും ബംഗളൂരുവിൽ ബി.എസ്സി നഴ്സിംഗ് വിദ്യാർത്ഥിയായ പ്രീതിയുടെയും മക്കളായ ഇവാനാ, എൽവാ, എറിക് എന്നിവരാണ് കളർകോട് ഗവ.എൽ.പി സ്കൂളിലെ യു.കെ.ജി ക്ലാസിലെത്തുന്നത്.
2020 ഒക്ടോബർ 11ന് കൊവിഡ് സമയത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ജനനം. പ്രീതി ഏഴുമാസം ഗർഭിണിയായിരുന്നപ്പോഴാണ് ശസ്ത്രക്രിയയിലൂടെ ഇവരെ പുറത്തെടുത്തത്. പ്രീതി ബംഗളൂരുവിലായതിനാൽ ടോണിയുടെ പിതാവ് വിൻസന്റും അമ്മ സിവില്യയുമാണ് മൂവരുടെയും കാര്യങ്ങൾ നോക്കുന്നത്. ഇതിനായി മത്സ്യത്തൊഴിലാളിയായ വിൻസന്റ് ജോലി ഉപേക്ഷിച്ചു. മൂവരും സ്കൂളിലെ പ്രിയപ്പെട്ട കുട്ടികളാണെന്ന് പ്രധാന അദ്ധ്യാപികയായ ശാലിനി പറഞ്ഞു. ഇവർക്ക് ആറുമാസം പ്രായമുള്ള എഫ്രിൻ എന്ന അനുജനുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |