എഴുകോൺ: ജില്ലയിലെ വിവിധ ആരാധനാലയങ്ങളിൽ മോഷണം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ തെന്മലയിലെ ഒളിസങ്കേതത്തിൽ നിന്ന് എഴുകോൺ പൊലീസ് പിടികൂടി. കേരളപുരം കോവിൽമുക്ക് ചരുവിള തെക്കതിൽ പുത്തൻവീട്ടിൽ രതീഷാണ് (27) പിടിയിലായത്.
കൂട്ടാളിയും ഒന്നാം പ്രതിയുമായ കരീപ്ര തൃപ്പിലഴികം അമ്മാച്ചൻമുക്ക് അശ്വതി ഭവനിൽ അബിയെ (കണ്ണൻ, 18) മേയ് 5ന് പുലർച്ചെ പിടികൂടിയിരുന്നു. കൈതക്കോട് ഉടയൻകാവ് ക്ഷേത്രത്തിലും കാരുവേലിൽ കുമാരമംഗലം ക്ഷേത്രത്തിലും മോഷണം നടത്തിയ ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ നൈറ്റ് പട്രോളിംഗ് സംഘത്തിന്റെ വലയിലായത്. അബിയെ ചോദ്യം ചെയ്തതിലാണ് രതീഷിന്റെ പങ്കാളിത്തവും ഇരുവരും ചേർന്ന് വ്യാപകമായി നടത്തിയ മോഷണങ്ങളും വെളിവായത്. തുടർന്ന് എഴുകോൺ എസ്.എച്ച്.ഒ എസ്.സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. തെന്മല ഉറുകുന്ന് ഭാഗത്ത് ഒഴിഞ്ഞുകിടന്നിരുന്ന വീട്ടിലാണ് പ്രതി ഒളിച്ചിരുന്നത്.
ഇയാളുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ ക്ഷേത്രങ്ങളിൽ നിന്ന് കവർന്ന സ്വർണപ്പൊട്ടുകളും നേർച്ച വഞ്ചിയിലെ പണവും കണ്ടെത്തി. നീലേശ്വരം പിണറ്റുംമൂട്, കലയപുരം, കുന്നിക്കോട് എന്നിവിടങ്ങളിൽ ക്ഷേത്രങ്ങളിലും പള്ളികളിലും നടന്ന മോഷണങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ സുധീഷ് കുമാർ, എസ്.ഐമാരായ നിതീഷ്, അനിൽകുമാർ, ജോൺസൺ ,അജിത്ത്, സി.പി.ഒമാരായ റോഷ്, അജിത്ത്, ഉണ്ണി, അഭിജിത്ത്, കിരൺ, സനൽ, അനന്തു, ബിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |