പത്തനംതിട്ട : ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളക്കെട്ടിന്റെ ദുരിതങ്ങളുടെ നടുവിലാണെങ്കിലും സ്കൂൾ പ്രവേശനോത്സവം കളറാക്കാനുള്ള തീവ്ര ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
വർണചിത്രങ്ങൾ നിറഞ്ഞ ചുമരുകളും അലങ്കാരങ്ങളും മധുരവുമായി കുട്ടിക്കൂട്ടങ്ങളെ ഇന്ന് സ്കൂളുകൾ വരവേല്ക്കും. പൂർവ വിദ്യാർത്ഥി സംഘടനകൾ, പി.ടി.എ, വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
തോരണങ്ങൾ, ബലൂണുകൾ, വർണപ്പൂക്കൾ, സമ്മാനപ്പൊതികൾ, അക്ഷരത്തൊപ്പി, ഓലയിൽ തയ്യാറാക്കിയ മയിൽപ്പീലി തുടങ്ങിയ കൗതുകങ്ങളും ഇന്ന് കുഞ്ഞുമനസുകളിൽ ഇടംപിടിക്കും. കുട്ടികൾക്കായി ഫോട്ടോ ഫ്രെയിമും ചിലയിടങ്ങളിൽ തയ്യാറാക്കുന്നുണ്ട്. ചെണ്ടയും ബാന്റും പ്രവേശനോത്സവഗാനവും ഒരുക്കിയാണ് കുട്ടിക്കൂട്ടത്തെ വരവേൽക്കുക.
മഴ മാറിയെങ്കിലും...
മഴ മാറി മാനം തെളിഞ്ഞത് ആശ്വാസമായെങ്കിലും അപ്പർകുട്ടനാടൻ മേഖല വെള്ളപ്പൊക്ക കെടുതികളിൽ നിന്ന് മോചനം നേടിയിട്ടില്ല. പല വിദ്യാർത്ഥികളുടെയും വീടുകൾ വെള്ളത്തിലാണ്. സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുമുണ്ട്. കടപ്ര, നിരണം, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിൽ ഗതാഗതവും മുടങ്ങിയിരിക്കുന്നു. ആദ്യ ദിവസം പലർക്കും സ്കൂളുകളിൽ എത്തണമെങ്കിൽ കടമ്പകളേറെയുണ്ട്. എന്നാൽ യഥാസമയം അറിയിപ്പ് ലഭിക്കാത്തതും രക്ഷകർത്താക്കളെ ആശങ്കയിലാക്കുന്നു. തിരുവല്ലയിലെ സ്കൂളുകളിൽ ആദ്യദിനം കുട്ടികൾ കുറയുമെന്ന ആശങ്ക അദ്ധ്യാപകർക്കുമുണ്ട്.
ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണ ൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |