ന്യൂഡൽഹി: മഴക്കെടുതി രൂക്ഷമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 25 മരണം. മരണസംഖ്യ കൂടിയേക്കാമെന്ന് അധികൃതർ അറിയിച്ചു. അസാം, മിസോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിൽ കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തുടരുകയാണ്.
അരുണാചലിൽ ഒമ്പതും അസാമിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പെടെ അഞ്ച് പേരും മണ്ണിടിച്ചിലിൽ മരിച്ചു. മിസോറാമിലും ത്രിപുരയിലും മേഘാലയിലുമായി എട്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ഇടങ്ങളിൽ മിന്നൽ പ്രളയവും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മഴ ശക്തി പ്രാപിക്കുന്നതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അരുണാചലിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചത്. മഴയും മണ്ണിടിച്ചിലും കാരണം അരുണാചലിലെ പല ജില്ലകളിലും റോഡ് ഗതാഗതം താറുമാറായി. ചുല്യു ഗ്രാമത്തിലെ തൂക്കുപാലം ഒലിച്ചുപോയി. മിസോറാമിൽ 113 ഇടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. മണിപ്പൂരിലെ ഇംഫാൽ നദി കരകവിഞ്ഞൊഴുകുകയാണ്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. നദീതീരത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി. മേഘാലയയിൽ ദേശീയപാതയുടെ ഭാഗങ്ങൾ ഒലിച്ചുപോയി. സിക്കിമിൽ 1500ഓളം വിനോദ സഞ്ചാരികൾ കുടുങ്ങി.
കഴിഞ്ഞ ആഴ്ച ടീസ്റ്റ നദിയിലേക്ക് വള്ളം മറിഞ്ഞ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും എട്ട് പേരെ കാണാതാവുകയും ചെയ്തിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രത നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |