ന്യൂഡൽഹി: റെജിമെന്റൽ പരേഡിന്റെ ഭാഗമായുള്ള പൂജ ചെയ്യാൻ വിസമ്മതിച്ച സൈനിക ഓഫീസറെ പിരിച്ചുവിട്ട നടപടി ശരിവച്ച് ഡൽഹി ഹൈക്കോടതി. പിരിച്ചുവിട്ടത് ഭരണഘടന നൽകുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് കാട്ടി മുൻ സൈനിക ഓഫീസറായ സാമുവൽ കമലേശൻ നൽകിയ ഹർജി ജസ്റ്റിസ് നവീൻ ചൗളയും ജസ്റ്റിസ് ഷാലിന്ദർ കൗറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളി.
മതപരേഡുകൾ സൈനികർക്ക് യുദ്ധ സാഹചര്യങ്ങളിൽ പ്രചോദനവും ആത്മവീര്യവും നൽകുന്നതിനാണെന്ന് കോടതി വ്യക്തമാക്കി. ഓഫീസർ അതിൽ നിന്ന് വിട്ടുനിൽക്കുന്നത് സൈനികരുടെ മനോവീര്യത്തെ ബാധിക്കും. പ്രൊഫഷണൽ ഉത്തരവാദിത്വവും കടമയുമാണത്. മതപരമായ ബാദ്ധ്യതയല്ല. ഹർജിക്കാരന് വിശ്വാസം ആചരിക്കാൻ അവകാശമുണ്ടെങ്കിലും യൂണിറ്റിന്റെ ഐക്യത്തിനാണ് മുൻഗണന നൽകേണ്ടത്. മേലുദ്യോഗസ്ഥന്റെ ഉത്തരവിനേക്കാൾ തന്റെ മതതാത്‌പര്യത്തിനാണ് കമലേശൻ പ്രാധാന്യം നൽകിയത്. അത് അച്ചടക്കലംഘനമാണ്. സേനയിൽ വിവിധ ജാതി, മത, വിശ്വാസങ്ങളിൽപ്പെട്ടവരുണ്ടെങ്കിലും യൂണിഫോം അവരെ ഒന്നാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ക്രിസ്‌ത്യൻ മത വിശ്വാസിയായ തനിക്ക് മതപരമായ ആരാധനയ്‌ക്ക് സൗകര്യമില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. പെൻഷനുൾപ്പെടെ ഇല്ലാതെ പിരിച്ചുവിട്ട നടപടി റദ്ദാക്കി സൈന്യത്തിൽ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു. മതപരമായ ആരാധനയ്ക്ക് റെജിമെന്റിൽ ഒരു ക്ഷേത്രവും ഗുരുദ്വാരയും മാത്രമാണുള്ളതെന്നും എല്ലാ മതക്കാർക്കും ആരാധന നടത്താവുന്ന സ്ഥലമില്ലായിരുന്നെന്നും ഹർജിയിൽ പറഞ്ഞു.
2017 മാർച്ചിൽ സിഖ്, ജാട്ട്, രജ്പുത് സ്ക്വാഡ്രണുകൾ ഉൾപ്പെടുന്ന മൂന്നാം കാവൽറി റെജിമെന്റിൽ ലെഫ്റ്റനന്റായി കമ്മിഷൻ ചെയ്യപ്പെട്ട കമലേശൻ സ്ക്വാഡ്രൺ ബിയുടെ ട്രൂപ്പ് ലീഡറായിരുന്നു. 2017 ജൂണിൽ മതപരേഡിന്റെ ഭാഗമായുള്ള റെജിമെന്റിലെ ക്ഷേത്രത്തിലെ പൂജ നടത്താൻ ഇദ്ദേഹം വിസമ്മതിച്ചു. ക്രിസ്‌ത്യൻ വിശ്വാസിയായതിനാൽ പൂജ ചെയ്യാനാകില്ലെന്നായിരുന്നു നിലപാട്. തുടർന്ന് അച്ചടക്ക നടപടിയെടുക്കുകയും. 2021 മാർച്ച് മൂന്നിന് പിരിച്ചുവിടുകയുമായിരുന്നു. കമലേശന്റെ നടപടി സൈന്യത്തിന്റെ മതേതര മാനദണ്ഡങ്ങൾക്ക് വിരുദ്ധവും റെജിമെന്റിലെ സൗഹൃദത്തെ ബാധിച്ചുവെന്നും പിരിച്ചുവിടൽ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
വിശ്വാസം ദുർബലപ്പെടുന്നില്ല
റെജിമെന്റുകൾക്ക് ചരിത്രപരമായി മതവുമായോ പ്രദേശവുമായോ ബന്ധപ്പെട്ട പേരുകളുണ്ടെങ്കിലും അത് സൈനികരുടെ മത വിശ്വാസത്തെ ദുർബലപ്പെടുത്തുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഐക്യമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണത്. അതേസമയം, ഉദ്യോഗസ്ഥരുടെ മതവിശ്വാസങ്ങൾക്ക് അർഹമായ ബഹുമാനം നൽകുന്നു. സാധാരണക്കാരന് ഇത് അപ്രായോഗികമായി തോന്നാം. എന്നാൽ സായുധ സേനയിലെ സാഹചര്യം വ്യത്യസ്തമാണ്. കമലേശനുവേണ്ടി സൈന്യം കൗൺസിലിംഗ് സെഷനുകൾ സംഘടിപ്പിച്ചു. കേസിന്റെ പ്രത്യേക സാഹചര്യങ്ങളും അനന്തരഫലങ്ങളും പരിഗണിച്ച ശേഷമാണ് പിരിച്ചുവിട്ടതെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |