മലപ്പുറം: യു.ഡി.എഫിന്റെ വെല്ലുവിളി ഏറ്റെടുത്ത് സ്വതന്ത്രന് പകരം സ്വന്തം സ്ഥാനാർത്ഥിയായി എം.സ്വരാജിനെ എൽ.ഡി.എഫ് പ്രഖ്യാപിക്കുകയും ഇരുമുന്നണികളെയും വെല്ലുവിളിച്ച് പി.വി.അൻവർ മത്സരരംഗത്തെത്തുകയും ചെയ്തതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധാകേന്ദ്രം. നേരത്തെ കളത്തിലിറങ്ങിയ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇതിനകം പ്രചാരണരംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു. കൃസ്ത്യൻ വോട്ടുകളെ സ്വാധീനക്കൽ ലക്ഷ്യം വച്ച് ബി.ജെ.പി കേരളകോൺഗ്രസ്(ജോസഫ്) നേതാവ് അഡ്വ.മോഹൻ ജോർജിനെ യുദ്ധകാലാടിസ്ഥാനത്തിൽ അംഗത്വം നൽകി ഗോദയിലിറക്കിയതോടെ മത്സരത്തിന് വീറേറിയിട്ടുണ്ട്. എസ്.ഡി.പി.ഐക്കായി അഡ്വ. സാദിഖ് നടുത്തൊടിയും മത്സരത്തിനുണ്ട്.
ഇത്തവണ വിജയിക്കേണ്ടത് ആര്യാടൻ ഷൗക്കത്തിന്റെ അഭിമാനപ്രശ്നമാണ്. പിതാവ് വെന്നിക്കൊടി നാട്ടിയ മണ്ഡലം 2016ൽ നഷ്ടമാവുന്നത് ആര്യാടൻ ഷൗക്കത്തിലൂടെയാണ്. പി.വി.അൻവറാണ് അന്ന് ഷൗക്കത്തിനെ മലർത്തിയടിച്ചത്. ഇത്തവണ അൻവറിന്റെയും പാർട്ടിയിലെ പ്രബല വിഭാഗത്തിന്റെയും എതിർപ്പുകൾ തള്ളി നേതൃത്വം ഷൗക്കത്തിനൊപ്പം നിന്നു. പി.വി.അൻവർ പരസ്യമായി തന്നെ ഷൗക്കത്തിനെതിരെ ആഞ്ഞടിച്ചു. എന്നാൽ വിവാദങ്ങൾക്ക് ചെവികൊടുക്കാതെ പ്രചാരണത്തിൽ മുഴുവൻ ശ്രദ്ധയൂന്നി മുന്നേറുകയാണ് ഷൗക്കത്ത്. മൂന്നരപ്പതിറ്റാണ്ട് കാലം പിതാവ് ആര്യാടൻ മുഹമ്മദ് നയിച്ച മണ്ഡലം ഇത്തവണ ഒപ്പം നിൽക്കുമെന്ന് ഷൗക്കത്ത് കരുതുന്നു. ലീഗുമായുള്ള ബന്ധത്തിലെ വിള്ളലുകൾ ഇണക്കിച്ചേർക്കാനായത് ഇത്തവണ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. മണ്ഡലത്തിന്റെ മുക്കും മൂലയും പരിചിതനായ ആളെന്നത് പ്രചാരണ രംഗത്ത് ഷൗക്കത്തിന് ഗുണം ചെയ്യുന്നുണ്ട്.
നിലമ്പൂരിലെ മുഴുവൻ പാർട്ടി സംവിധാനത്തെയും അവേശത്തിലാറാടിക്കാൻ എം. സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. അൻവർ അഴിച്ചുവിട്ട കൊടുങ്കാറ്റിന്റെ മുഴുവൻ ആഘാതവും പ്രതിരോധിക്കാനുതകുന്നതാണ് സ്വരാജിന്റെ സ്ഥാനാർത്ഥിത്വമെന്ന് പ്രവർത്തകർ കരുതുന്നു. മികച്ച മതേതര നിലപാടുകളും ധീരതടെയുള്ള തുറന്നുപറച്ചിലുകളും നേരത്തെ തന്നെ പ്രവർത്തകർക്കിടയിൽ സ്വരാജിന് വീരപരിവേഷം സമ്മാനിച്ചിട്ടുണ്ട്. യുവത്വവും അനുകൂല ഘടകമാണ്. ഏറെക്കാലം സ്വതന്ത്ര പരീക്ഷണം നടത്തിയ മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥി എന്ന ഘടകം തന്നെ പ്രവർത്തകരുടെ ആവേശമേറ്റുന്നു.
അൻവറിന്റെ തീപ്പൊരി സാന്നിദ്ധ്യമാണ് ഈ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. സി.പി.എമ്മിനെതിരെ വാളെടുത്ത് പോരാട്ടത്തിനിറങ്ങിയ അൻവർ ഇപ്പോൾ യു.ഡി.എഫിനെയും തള്ളിപ്പറഞ്ഞ് നേരിട്ട് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കുകയാണ്. ഇരുമുന്നണികളെയും കടന്നാക്രമിച്ച് രംഗത്തെത്തുന്ന അൻവർ മലയോരമേഖലയിലെ ജനങ്ങളുടെ ദുരിതമാണ് മുഖ്യ പ്രചാരണായുധമാക്കുന്നത്. മണ്ഡലത്തിലെ വന്യമൃഗശല്യത്തനെതിരെ ശക്തമായ നിലപാടെടുത്ത് ഉദ്യോഗസ്ഥരോടടക്കം നേരിട്ടേറ്റുമുട്ടിയിട്ടുള്ള അൻവർ ലക്ഷ്യം വയ്ക്കുന്നതും ഇത്തരം വോട്ടുകൾ തന്നെ. മേഖലയിലെ കൃസ്ത്യൻ വിഭാഗങ്ങളുമായി മികച്ച ബന്ധം നിലനിറുത്തുന്നതും വോട്ടായിമാറുമെന്ന് അൻവർ കരുതുന്നു. യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫിൽ നിന്നും ഒരു പോലെ വോട്ടുകൾ പിടിക്കാൻ കഴിവുള്ള അൻവറിന്റെ സ്വാധീനം മത്സരഫലത്തെ ഏതുവിധത്തിൽ സ്വാധീനിക്കുമെന്നത് പ്രവചനാതീതമാണ്.
ആദ്യം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബീന ജോസഫിനെ സ്ഥാനാർത്ഥിയായി രംഗത്തിറക്കാൻ ശ്രമം നടത്തിയ ബി.ജെ.പി ശ്രമം പരാജയപ്പെട്ടതോടെ രംഗത്തിറക്കിയിരിക്കുന്നത് കഴിഞ്ഞ ദിവസം വരെ യു.ഡി.എഫിന്റെ ഭാഗമായ കേരളകോൺഗ്രസ് (ജോസഫ്) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ . മോഹൻ ജോർജിനെ. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷമാണ് ബി.ജെ.പി നേതാവ് അഡ്വ. സുരേഷിൽ നിന്ന് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത് പോലും. മണ്ഡലത്തിൽ പ്രമുഖരായ നേതാക്കളുണ്ടായിട്ടും പാർട്ടിക്കു പുറത്തുള്ള കൃസ്ത്യൻ
നേതാവിനെ രംഗത്തിറക്കിയത് കൃസ്ത്യൻ വോട്ടുകളിൽ കൂടുതൽ സ്വാധീനമുറപ്പിക്കുകയെന്ന ലക്ഷ്യം വച്ചാണ്.
എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടി പിടിക്കുന്ന വോട്ടുകളും സ്ഥാനാർത്ഥികളുടെ വിജയപരാജയങ്ങളെ സ്വാധീനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |