മോസ്‌കോ: വെടിനിറുത്തൽ ചർച്ചകൾ ഇന്ന് തുർക്കിയിൽ നടക്കാനിരിക്കെ റഷ്യക്കുനേരെ അപ്രതീക്ഷിത നീക്കവുമായി യുക്രെയിൻ. ആർട്ടിക് മേഖലയിലടക്കമുള്ള നാല് തന്ത്രപ്രധാന എയർബേസുകളിലേക്ക് ഒരേസമയം ഇരച്ചുകയറിയ ഡ്രോണുകൾ ബോംബറുകളുൾപ്പെടെ 41 റഷ്യൻ യുദ്ധ വിമാനങ്ങൾ തകർത്തു. ' ഓപ്പറേഷൻ സ്‌പൈഡേഴ്സ് വെബ്" എന്ന പേരിലാണ് ആക്രമണം നടത്തിയത്. ടുപോലേവ് ടി.യു - 95 അടക്കം ആണവ ബോംബുകളെ വഹിക്കാൻ ശേഷിയുള്ള കരുത്തൻ ബോംബറുകളാണ് തകർന്നത്. ആക്രമണങ്ങളുണ്ടായെന്ന് റഷ്യൻ മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചെങ്കിലും നാശനഷ്ടം വ്യക്തമാക്കിയില്ല. യുക്രെയിൻ വാദം ശരിയെങ്കിൽ റഷ്യ നേരിട്ട ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാകുമിത്.
ബെലായ (സൈബീരിയ),ഡ്യാഗിലേവോ (റയസാൻ), ഇവാനോവോ-സെവെർനി (ഇവാനോവോ), ഒലെന്യ (മർമാൻസ്ക്) എയർബേസുകളാണ് ആക്രമിക്കപ്പെട്ടത്. അതേസമയം, ഇന്നലെ പുലർച്ചെ 472 ഡ്രോണുകളും 7 ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും റഷ്യ യുക്രെയിന് നേരെ വിക്ഷേപിച്ചു. 12 യുക്രെയിൻ സൈനികർ കൊല്ലപ്പെട്ടു.
ഓപ്പറേഷൻ സ്‌പൈഡേഴ്സ് വെബ്
ബുദ്ധികേന്ദ്രം സെക്യൂരിറ്റി സർവീസ് ഒഫ് യുക്രെയിൻ (എസ്.ബി.യു)
ഒന്നര വർഷത്തെ ആസൂത്രണം. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി നേരിട്ട് മേൽനോട്ടം വഹിച്ചു
തടി ക്യാബിനുകളുടെ റൂഫിൽ ഡ്രോണുകൾ ഒളിപ്പിച്ചു. ഇവ ട്രക്കുകളിലാക്കി റഷ്യയിലേക്ക് കടത്തി. എയർബേസുകൾക്ക് അടുത്തെത്തിയതോടെ റിമോട്ട്-കൺട്രോൾഡ് റൂഫുകൾ തുറന്നു. മുകളിലേക്ക് പറന്നുയർന്ന ഡ്രോണുകൾ എയർബേസുകളെ ആക്രമിച്ചു.
# പൊട്ടിത്തെറിച്ച് പാലങ്ങൾ
ഡ്രോൺ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് റഷ്യയിൽ യുക്രെയിൻ അതിർത്തിയോട് ചേർന്ന് രണ്ട് ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ പാലങ്ങൾ തകർന്നു
ആദ്യ സ്ഫോടനം പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10.50ന് ബ്രയാൻസ്കിൽ. റെയിൽവേ ട്രാക്കിന് മുകളിലുള്ള ഹൈവേ പാലം തകർന്നു. പാലത്തിന്റെ അവശിഷ്ടങ്ങൾ ട്രെയിന് മുകളിൽ വീണു. പാളം തെറ്റി ഏഴ് പേർ മരിച്ചു. 69 പേർക്ക് പരിക്കേറ്റു.
നാല് മണിക്കൂറിന് ശേഷം കുർസ്കിൽ പ്രധാന ഹൈവേയ്ക്ക് മുകളിലൂടെയുള്ള റെയിൽവേ പാലവും തകർത്തു
പിന്നിൽ യുക്രെയിനാണെന്ന് റഷ്യൻ ആരോപണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |