ധാക്ക: മുൻ പ്രധാനമന്ത്റി ഷെയ്ഖ് ഹസീനയ്‌ക്കെതിരെയുള്ള ഔദ്യോഗിക വിചാരണ തുടങ്ങി ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണൽ. കഴിഞ്ഞ വർഷത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഹസീനയ്ക്കെതിരെ കോടതി ' മനുഷ്യത്വത്തിനെതിരായ കുറ്റങ്ങൾ " ചുമത്തി. വിചാരണ ദേശീയ ടെലിവിഷനിൽ ലൈവായി സംപ്രേക്ഷണം ചെയ്തു. കൊലക്കുറ്റം, രാജ്യദ്രോഹം, കലാപം അടക്കം 225ലേറെ കേസുകളാണ് ബംഗ്ലാദേശ് ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ജൂൺ - ആഗസ്റ്റ് കാലയളവിലെ പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 1,500ലേറെ പേരാണ് കൊല്ലപ്പെട്ടതെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു.
പ്രക്ഷോഭം അടിച്ചമർത്താൻ ഹസീന സുരക്ഷാ സേനയ്ക്കും അവരുടെ അവാമി ലീഗ് പാർട്ടിക്കും നിർദ്ദേശം നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. സർക്കാർ ജോലികളിലെ സംവരണത്തിനെതിരെ വിദ്യാർത്ഥികൾ തുടങ്ങിയ പ്രക്ഷോഭം രാജ്യവ്യാപക കലാപത്തിൽ കലാശിക്കുകയായിരുന്നു. പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു.
കറൻസി: രാഷ്ട്രപിതാവിനെ പുറത്താക്കി ബംഗ്ലാദേശ്
കറൻസി നോട്ടിൽ നിന്ന് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെ പുറത്താക്കി ബംഗ്ലാദേശ് ഭരണകൂടം. ഷെയ്ഖ് ഹസീനയുടെ പിതാവാണ് രാജ്യത്തെ ആദ്യ പ്രസിഡന്റായ റഹ്മാൻ. ഹസീനയുടെ പതനത്തിന് പിന്നാലെ പാഠപുസ്തകങ്ങളിൽ നിന്നും കറൻസിയിൽ നിന്നും മുജീബുർ റഹ്മാനെ ഒഴിവാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മുതൽ പുതിയ കറൻസി പ്രാബല്യത്തിൽ വന്നു. ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ, കലാസൃഷ്ടികൾ തുടങ്ങിയവ ചിത്രീകരിക്കുന്നതാണ് പുതിയ കറൻസി ഡിസൈൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |