ആലപ്പുഴ: സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഭദ്രദീപം തെളിയിച്ചാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. ആലപ്പുഴയിലെ കലവൂർ ഗവ. ഹയർസെക്കന്ററി സ്കൂളിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ വി ശിവൻകുട്ടി, സജി ചെറിയാൻ, പി പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭദ്ര എന്ന പത്താം ക്സാസുകാരിയെഴുതിയ പ്രവേശന ഗീതത്തിന്റെ നൃത്താവിഷ്കാരമാണ് കലവൂരിൽ ആദ്യം നടന്നത്. കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ പ്രവേശനോത്സവത്തിന് ആശങ്കയുണ്ടാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ പാഠപുസ്തകങ്ങൾ എത്തിയിരിക്കുകയാണ്. എല്ലാവരും പരസ്പരം സ്‌നേഹവും കരുതലും വളർത്തിയെടുക്കുക. വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം അറിവാണ്. അതുനേടി ആത്മവിശ്വാസത്തോടെ വളരുക. അതിലേക്കാണ് നമ്മുടെ കുരുന്നുകൾ ചുവടുവയ്ക്കുന്നത്. സഹജീവി സ്നേഹമാണ് എല്ലാവർക്കും ഉണ്ടാകേണ്ടത്. ഏതിനേയും സമീപിക്കേണ്ടത് വിമർശനാത്മകമായ ബുദ്ധിയോടെയായിരിക്കണം. പുതിയ അദ്ധ്യയന വർഷത്തിൽ സമഗ്ര മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അങ്ങനെ കുട്ടികൾ മാറണമെങ്കിൽ അവരുടെ ചിന്താശേഷിയെ ആ രീതിയിൽ വളർത്തേണ്ടതാണ്. അതിനാണ് സർക്കാർ പൊതുവിദ്യാഭ്യാസത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ജനാധിപത്യ ബോധം കുട്ടികളിൽ വളർത്തിയെടുക്കണം'- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മൂല്യാധിഷ്ഠിത പഠനവും, ഹൈസ്കൂളിൽ പുതിയ ക്ലാസ് സമയവുമടക്കം സമഗ്രമാറ്റത്തോടെയാണ് പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമാകുന്നത്. ഇന്ത്യയിൽ ആദ്യമായി പത്താം ക്ലാസിൽ റോബോട്ടിക്സ് പഠനവിഷയമാകുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനമില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, നല്ല പെരുമാറ്റം, എന്നിങ്ങനെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളായിരിക്കും പഠിപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |