ആലപ്പുഴ : ദാമ്പത്യപ്രശ്നങ്ങൾ മുതൽ സ്ഥലത്തർക്കം വരെ വിവിധയിനം പ്രശ്നങ്ങൾ കോടതിയിലെത്താതെ തന്നെ സൗജന്യമായി പരിഹരിച്ചു നൽകുന്ന കേരള ലീഗൽ സർവീസ് അതോറിട്ടിയുടെ (കെൽസ) ഹാർമണി ഹബ് പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണം. ദാമ്പത്യ ബന്ധങ്ങളിലെ പ്രശ്നങ്ങൾ ഹാർമണി ഹബ് വഴി പരിഹരിച്ചതിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് ആലപ്പുഴ ജില്ലാ ലീഗൽ സർവീസ് അതോറിട്ടി.
ഫെബ്രുവരി മുതൽ മേയ് വരെ സിറ്റിംഗിന് ഹാജരായ 56 ദമ്പതികളിൽ 18ഉം പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി ഒരുമിച്ചുള്ള ജീവിതത്തിലേക്ക് മടങ്ങി. ഏഴ് കേസുകൾ മാത്രമാണ് രമ്യതയിലെത്താൻ പ്രയാസമാണെന്ന് കണ്ടെത്തിയത്. ശേഷിക്കുന്ന ദമ്പതിമാരുടെ സിറ്റിംഗ് തുടരുകയാണ്. ചെറിയ പ്രശ്നങ്ങളുടെ പേരിൽ അഭിഭാഷകരെ സമീപിക്കുന്ന കേസുകൾ പലപ്പോഴും കുട്ടികളുടെ സംരക്ഷണം, ഗാർഹിക പീഡനം തുടങ്ങി അധിക കേസുകളായി വഷളാകുന്നതാണ് പതിവ്.
പല വിവാഹ മോചനക്കേസുകളിലും തുടക്കത്തിൽ തന്നെ ഒത്തുതീർപ്പു സാധ്യതകളുണ്ടായിരുന്നു എന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കെൽസ ഹാർമണി ഹബ് എന്ന ആശയം ആവിഷ്ക്കരിച്ചത്.
സേവനങ്ങൾ സൗജന്യം
കേസുകൾ പരിഗണിക്കുന്നതിന് അപേക്ഷ പോലും നൽകേണ്ടതില്ല
വിവരം അറിയിച്ചാൽ കാലതാമസമില്ലാതെ തന്നെ ജില്ലാ ലീഗൽ സർവീസ് അതോറിട്ടി ഇരു കൂട്ടരെയും വിളിച്ചുവരുത്തും
ഇരു കക്ഷികളോടും സംസാരിക്കുന്നതിന് പത്ത് അഭിഭാഷകരെയാണ് ഹബ്ബിന് കീഴിൽ മീഡിയേറ്റർമാരായി നിയമിച്ചിരിക്കുന്നത്
90 ശതമാനം കേസുകളും മീഡിയേറ്റർ മുഖേന പരിഹരിക്കപ്പെടുന്നുണ്ട്
ആവശ്യമുള്ളവർക്ക് സൗജന്യമായിത്തന്നെ കൗൺസിലർ, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനവും ലഭ്യമാക്കും
പ്രശ്നം പരിഹരിക്കപ്പെട്ടാൽ കോടതി വിധിക്ക് തുല്യമായ ഒത്തുതീർപ്പ് രേഖയും ലഭ്യമാക്കും. ഓരോ കേസുകളിലും ഹബ്ബിൽ നിന്നുള്ള തുടർ നീരീക്ഷണമുണ്ടാകും.
കുട്ടികളെ കേൾക്കാൻ 'ക്ലാപ്'
ദാമ്പത്യപ്രശ്നങ്ങളിൽ പലപ്പോഴും ബലിയാടാകുന്നത് കുട്ടികളാണ്. കുടുംബകോടതികളിൽ കുട്ടികൾക്ക് വേണ്ടി സംസാരിക്കാൻ ഇതുവരെ ആരുമില്ലായിരുന്നു. കുട്ടികളെ കേട്ട്, അവരുടെ ഭാഗം മനസ്സിലാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനായി ആലപ്പുഴ, മാവേലിക്കര കുടുംബകോടതികളിലായി പത്ത് അഭിഭാഷകരെയാണ് 'ക്ലാപ്'ന് കീഴിൽ നിയോഗിച്ചിരിക്കുന്നത്.
'സമയം' വരും
കേസുകൾ കോടതി കയറാതെ കാലതാമസമില്ലാതെ തീർപ്പാക്കാനുള്ള 'സമയം' പദ്ധതി അടുത്ത ആഴ്ചയോടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തനം ആരംഭിക്കും. വിവിധ പൊലീസ് സ്റ്റേഷനുകളിൽ വരുന്ന സിവിൽ സംബന്ധമായ തർക്കങ്ങൾ, മൈനർ ക്രിമിനൽ കേസുകൾ എന്നിവയാണ് പദ്ധതി മുഖേന ലീഗൽ സർവീസ് അതോറിട്ടിയിലെത്തുക. ഇരു പാർട്ടികളുടെയും സമ്മതമുണ്ടെങ്കിൽ പാനൽ അഭിഭാഷകർ വിഷയത്തിൽ ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിക്കും. കേസുകൾ ഡി.എൽ.എസ്.എയിലേക്ക് ശുപാർശ ചെയ്യുന്നതിന് ഓരോ പൊലീസ് സബ് ഡിവിഷനിലും ഓരോ പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഹാർബണി ഹബ് വഴി സംസ്ഥാനത്ത് ഏറ്റവുമധികം ദമ്പതികളെ ഒന്നാക്കാൻ ആലപ്പുഴ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് സാധിച്ചു എന്നത് പ്രതീക്ഷ പകരുകയാണ്. കേസുമായി കോടതിയിൽ പോയാൽ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കിയാണ് പ്രശ്നങ്ങൾ അതിവേഗം സൗജന്യമായി പരിഹരിക്കുന്നത് -
- പ്രമോദ് മുരളി, സിവിൽ ജഡ്ജ്, ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |