തിരുവനന്തപുരം: ഇരുപത് വർഷം ശിക്ഷയനുഭവിക്കാതെ ഇളവിന് പരിഗണിക്കരുതെന്ന ഹൈക്കോടതി ഉത്തരവുണ്ടായിരിക്കെ, ടി.പി കേസിലെ പ്രതികൾക്ക് ശിക്ഷായിളവിനായി പൊലീസ് റിപ്പോർട്ട് തേടിയതിന് സസ്പെൻഷനിലായിരുന്ന മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് കഴിഞ്ഞ ജൂലായിൽ സസ്പെൻഡ് ചെയ്തിരുന്നത്. തിരിച്ചെടുത്ത കെ.എസ്. ശ്രീജിത്തിനെ വിയ്യൂർ അതിസുരക്ഷാ ജയിലിലും ബി.ജി അരുണിനെ ചീമേനി തുറന്ന ജയിലിലും ഒ.വി രഘുനാഥിനെ ഹോസ്ദുർഗ് ജില്ലാ ജയിലിലും നിയമിച്ചു. ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടേതാണ് ഉത്തരവ്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ശിക്ഷായിളവിന് പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയിൽ മേധാവി സർക്കാരിന് നൽകിയിരുന്നു. ഇതിലാണ് ടി.പി കേസിലെ പ്രതികൾ ഉൾപ്പെട്ടത്. ഹൈക്കോടതി ഉത്തരവുപ്രകാരം ഇവർക്ക് ശിക്ഷായിളവിന് അർഹതയില്ല. ഇവരുടെ ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടിയത് മാനദണ്ഡപ്രകാരമല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. പരോളും അവധിയും ശിക്ഷായിളവും ആകെ ശിക്ഷയുടെ മൂന്നിലൊന്നിൽ കുറവായിരിക്കണമെന്ന ചട്ടവും പാലിക്കാതെയാണ് ഇളവിന് ശ്രമിച്ചതെന്ന ആരോപണം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |