കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോട്ടിന്റെ അടിസ്ഥാനത്തിലെടുത്ത 35 കേസുകളിൽ 33 എണ്ണത്തിന്റെ തുടർനടപടി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അവസാനിപ്പിക്കുന്നു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് കേസെടുത്തത്. മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണിത്. 23 കേസുകൾ അവസാനിപ്പിച്ച് പ്രത്യേകസംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ബാക്കിയുള്ളവ ഈമാസം അവസാനിപ്പിക്കും.
ഒരുകേസിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. നടൻ മുകേഷ്, സിദ്ദിഖ് തുടങ്ങിയവർ പ്രതികളായ കേസുകളിൽ അന്വേഷണം തുടരും. മൊഴിയെടുക്കാൻ നോട്ടീസ് നൽകിയെങ്കിലും ഒരാളൊഴികെ എല്ലാവരും കേസിൽ താത്പര്യമില്ലെന്ന് അറിയിച്ചു. കോടതി മുഖേനയും നോട്ടീസ് കൈമാറിയെങ്കിലും മറുപടിയിൽ മാറ്റമുണ്ടായില്ല. വിവരാവകാശ കമ്മിഷനിലൂടെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ പുറത്തുവന്നതോടെയാണ് 2024 ആഗസ്റ്റിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
അതേസമയം അവസാനിപ്പിക്കുന്ന 33 കേസുകളിൽ, മൊഴി നൽകിയവർ മുന്നോട്ടുവന്നാൽ എപ്പോൾ വേണമെങ്കിലും തുടരന്വേഷണത്തിന് വഴിയൊരുങ്ങും. ഈവിധമാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കേരളകൗമുദിയോട് പറഞ്ഞു.
35 കുറ്റുപത്രം
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴി കൂടാതെ 40ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 35 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. മുകേഷ്, മണിയൻപിള്ള രാജു, രഞ്ജിത്, സിദ്ധിഖ്, ജയസൂര്യ അടക്കമുള്ളവർക്കെതിരായ കേസുകളിലായിരുന്നു കുറ്റപത്രം. ശേഷിക്കുന്നവ വൈകാതെ സമർപ്പിക്കും.
റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചരവർഷമല്ലേ ആയുള്ളു. തിരക്കില്ല മുഖ്യമന്ത്രി. കമ്മിറ്റി രൂപീകരിച്ചതിന്റെ യഥാർത്ഥ കാരണത്തിന് ഇനി പ്രാധാന്യം നൽകാം. സിനിമാവ്യവസായത്തിൽ നിയമങ്ങൾ കൊണ്ടുവരാൻ നയങ്ങൾ രൂപീകരിക്കലല്ലേ ലക്ഷ്യം.
നടി പാർവതി തിരുവോത്ത്
(സോഷ്യൽ മീഡിയയിൽ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |