കോട്ടയം : റബർവില 200 ഉം, ലാറ്റക്സ് 215 രൂപയും കടന്നതോടെ കാലവർഷം മുന്നിൽ കണ്ട് റെയിൻഗാർഡ് ഘടിപ്പിച്ചുള്ള ടാപ്പിംഗ് വർദ്ധിച്ചു. 40 ശതമാനം വർദ്ധനവുണ്ടായെന്നാണ് ഏകദേശ കണക്ക്. നേരത്തേ റബർ ബോർഡിന്റെ കീഴിലുള്ള റബർ ഉത്പാദക സംഘംവഴിയാണ് റെയിൻഗാർഡിനുള്ള പ്ലാസ്റ്റിക്, ചിരട്ട, ചില്ല്, കമ്പി എന്നിവ നൽകിയിരുന്നത്. റെയിൻ ഗാർഡ് ഘടിപ്പിച്ചതിന്റെ ചെലവ് കർഷകരുടെ അക്കൗണ്ടിൽ എത്തുന്ന സബ്സിഡി സംവിധാനമായതോടെ മാസങ്ങളായി ടാപ്പിംഗ് ചെയ്യാതിരുന്നവർ വരെ പുന:രാരംഭിച്ചു. മാസങ്ങളായി ഉയർന്നു നിന്ന അന്താരാഷ്ട്ര വില മറികടന്ന് ആഭ്യന്തര വില ഉയർന്നത് ഏറെക്കാലത്തിനു ശേഷമാണ്. നേരത്തേ 30 രൂപയുടെ വ്യത്യാസം ഉണ്ടായിരുന്നു. ഷീറ്റിലും 20 രൂപയുടെ ഉയർന്ന വില ലഭിച്ചതോടെ കർഷകർക്ക് ലാറ്റക്സിനോടാണ് കൂടുതൽ താത്പര്യം.
സ്റ്റോക്ക് കുറഞ്ഞു, വ്യവസായികൾ അയഞ്ഞു
നികുതി രഹിതമായി കോമ്പൗണ്ട് റബറും മറ്റും ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രം തടയിട്ടതോടെ ആഭ്യന്തര റബർ വാങ്ങാൻ വ്യവസായികൾ നിർബന്ധിതരായി. പരിസ്ഥിതി സൗഹൃദ റബർ കയറ്റുമതി യൂറോപ്യൻ രാജ്യങ്ങൾ പ്രോത്സാഹിപ്പിച്ചത് ഇന്ത്യൻ റബറിന് ഗുണകരമായതും ആഭ്യന്തര വില ഉയർത്താൻ സഹായകരമായി. സ്റ്റോക്ക് കുറഞ്ഞതോടെ 200രൂപയ്‌ക്ക് മുകളിൽ റബർ വാങ്ങാൻ വ്യവസായികൾ നിർബന്ധിതരായി. ഡിമാൻഡ് തുടർന്നാൽ ഈ മാസം 225- 250 വരെ വില ഉയർന്നേക്കുമെന്നാണ് സൂചന.
ഒരു മരത്തിന് റെയിൻഗാർഡ് ഘടിപ്പിക്കുന്നതിന് : 40 - 50 രൂപ ചെലവ്
റബർബോർഡ് സബ്സിഡി : ഹെക്ടറിന് 5000 രൂപ വരെ
''ഏറെക്കാലത്തിന് ശേഷമാണ് ഷീറ്റ്, ലാറ്റക്സ് വിലയിൽ വർദ്ധന. ഇതാണ് സാധാരണ കർഷകർ മഴ മറ ഘടിപ്പിച്ച് ടാപ്പിംഗ് നടത്താൻ കാരണം. വില ഉയർന്നതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കണമെങ്കിൽ റബർ ഉത്തേജക പാക്കേജ് നിരക്കും ഉയർത്തണം.
-എബി ഐപ്പ് (കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |