ന്യൂഡൽഹി: പാക് അധീന കശ്മീരിലെ ഭാഗങ്ങൾ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കാനാണ് നരേന്ദ്ര മോദി സർക്കാർ ഉദ്ദേശിക്കുന്നതെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി ബിപിൻ റാവത്ത് രംഗത്തെത്തി. കാശ്‌മീരിനെ മോചിപ്പിക്കാൻ സൈന്യം തയ്യാറാണെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കണ്ടത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാക് അധീന കാശ്മീരിനായി എന്തുചെയ്യണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും, കേന്ദ്രസർക്കാരിന്റെ തീരുമാനം എന്തുതന്നെയായാലും സൈന്യം സജ്ജമാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. ഉത്തരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇത്തരം കാര്യങ്ങളിൽ സർക്കാരാണ് നടപടിയെടുക്കേണ്ടത്. സർക്കാരിന്റെ ഉത്തരവ് പ്രകാരം പ്രവർത്തിക്കും. സൈന്യം എപ്പോഴും സജ്ജമാണ്'- റാവത്ത് പറഞ്ഞു.
ചൊവ്വാഴ്ച മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞത് ഇങ്ങനെയായിരുന്നു, “അടുത്ത അജണ്ട പാകിസ്ഥാൻ അധിനിവേശ ജമ്മു കശ്മീരിലെ ഭാഗങ്ങൾ വീണ്ടെടുത്ത് ഇന്ത്യയുടെ ഭാഗമാക്കുകയാണ്. ഇത് എന്റെ പാർട്ടിയുടെ പ്രതിബദ്ധത മാത്രമല്ല, പാർലമെന്റിൽ 1994ൽ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിന്റെ ഭാഗമായിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള നരസിംഹറാവു സർക്കാരാണ് ഇത് പാസാക്കിയത്. ബാലകോട്ടിനേക്കാൾ വലിയ നടപടി സ്വീകരിക്കാൻ ഇന്ത്യ പദ്ധതിയിട്ടിരിക്കുകയാണെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതിനർത്ഥം ബാലകോട്ടിൽ ഇന്ത്യ ചെയ്ത കാര്യങ്ങൾ പാകിസ്ഥാൻ പ്രധാനമന്ത്രി അംഗീകരിക്കുന്നുവെന്നാതാണ്.
കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ബുധനാഴ്ച പാകിസ്ഥാനിൽ മനുഷ്യാവകാശ ലംഘനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇനി മുതൽ ഇന്ത്യ പാകിസ്ഥാൻ അധിനിവേശ കശ്മീരിനെക്കുറിച്ച് മാത്രമേ ചർച്ച നടത്തുകയുള്ളൂവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് പാർലമെന്റ് അനുമതി നൽകിയതു മുതൽ ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായിയിരിക്കുകയാണ്. ഇതിനിടയിൽ ഇന്ത്യയിലേക്ക് പാക് കമാൻഡോകൾ നുഴഞ്ഞുകയറുമെന്നും അതിർത്തിയിൽ പാകിസ്ഥാൻ സേനാ നീക്കം നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |