കൊച്ചി: സംസ്ഥാനത്തൊട്ടാകെ പനി ബാധിതരുടെയും കൊവിഡ് ബാധിതരുടെയും എണ്ണം വർദ്ധിക്കുന്നതിന് സമാനമായി ജില്ലയിലും രോഗവ്യാപനത്തിൽ ആശങ്ക. ദിവസങ്ങൾക്കിടെ ജില്ലയിൽ 150ലേറെപ്പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. സംസ്ഥാനത്തൊട്ടാകെ 1435 കേസുകൾ സ്ഥിരീകരിച്ചു.
2022 മുതൽ സംസ്ഥാനത്ത് സ്ഥിരീകരിച്ച ഒമിക്രോൺ ഇനത്തിലെ വകഭേദമാണ് ഇപ്പോൾ കണ്ടുവരുന്നത്. എൽ.പി. 8.1, എൻ.ബി. 1.8.1 എന്നിവയാണ് കൂടുതലായി കാണപ്പെടുന്നത്. കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് കണക്കിലെടുത്ത്, പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവർ കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തണമെന്നും ഫലം നെഗറ്റീവ് ആണെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാണെന്നുമുള്ള സർക്കാർ നിർദ്ദേശം ഇന്നലെ മുതൽ ജില്ലയിൽ നടപ്പിലാക്കിത്തുടങ്ങി.
എവിടെയെങ്കിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതിരോധ മാർഗങ്ങൾ
കൊവിഡിന് സ്വയം പ്രതിരോധമാണ് വേണ്ടതെന്നും മാസ്‌ക് ഉപയോഗിക്കുന്നത് നന്നായിരിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ:
പ്രത്യേക വാർഡുകൾ: കൊവിഡ്, ഇൻഫ്‌ളുവൻസ രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡുകളിലോ മുറികളിലോ പാർപ്പിക്കണം.
മാസ്‌ക് നിർബന്ധം: ആശുപത്രികളിൽ രോഗികളും കൂട്ടിരിപ്പുകാരും എല്ലാ ആരോഗ്യ ജീവനക്കാരും നിർബന്ധമായും മാസ്‌ക് ധരിക്കണം.
സന്ദർശക നിയന്ത്രണം: ആശുപത്രികളിൽ സന്ദർശകരുടെയും കൂട്ടിരിപ്പുകാരുടെയും എണ്ണം നിയന്ത്രിക്കണം.
പരിശോധന: കൊവിഡ്19 ടെസ്റ്റിനായി ജില്ലകളിലെ ആർ.ടി.പി.സി.ആർ. സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണം.
ശുചിത്വം: പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗവും കൈ കഴുകൽ തുടങ്ങിയ ശീലങ്ങളും പ്രോത്സാഹിപ്പിക്കണം.
സാനിറ്റൈസർ: സാനിറ്റൈസർ ഉപയോഗിക്കുന്നതും വൈറസ് ബാധ ഒഴിവാക്കാൻ സഹായിക്കും.
മുൻകരുതൽ: കൊവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാദ്ധ്യതയുള്ള വിഭാഗക്കാർ ഏറെ ശ്രദ്ധിക്കണം.
ചികിത്സ: ആർക്കെങ്കിലും കൊവിഡ് കണ്ടെത്തിയാൽ പ്രോട്ടോക്കോൾ പ്രകാരം ചികിത്സ ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |