കോട്ടയം: തൃക്കൊടിത്താനത്ത് യുവതിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് മാടപ്പള്ളി കണ്ണംപള്ളി കെ.ജി.അനീഷിനെ (41) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ മല്ലികയെ (35) ഏപ്രിൽ 28 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് സമയത്ത് എസ്.എച്ച്.ഒ എം.ജെ. അരുണിന് തോന്നിയ സംശയങ്ങളാണ് വഴിത്തിരിവായത്. തുടർന്ന് അനീഷിനെ ചോദ്യം ചെയ്തിരുന്നെങ്കിലും ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന വാദത്തിൽ ഉറച്ചു നിന്നു. ഭാര്യയുമായി സാമ്പത്തിക കാര്യങ്ങളെ ചൊല്ലി വഴക്കുണ്ടാകാറുണ്ടെന്ന് ഇയാൾ സമ്മതിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിനു ചുറ്റും ഏൽപ്പിച്ച ശക്തമായ ബലപ്രയോഗമാണ് മരണകാരണമെന്ന ഡോക്ടർ നീതു എം. ബാബുവിന്റെ കണ്ടെത്തലിനെ തുടർന്ന് അനീഷിനെ വീണ്ടും വിശദമായ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. വഴക്കിനെ തുടർന്ന് കഴുത്തിനു ഞെരിച്ച് കൊന്നെന്നും, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കഴുത്തിൽ മുറിവുണ്ടാക്കിയെന്നും ഇയാൾ സമ്മതിച്ചു. സി. പി.ഒമാരായ തമിജു, മണികണ്ഠൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |