ലോകത്ത് രണ്ട് യുദ്ധങ്ങൾ എന്നവസാനിക്കുമെന്ന് ഒരു സൂചനയും നൽകാതെ തുടർന്നുകൊണ്ടിരിക്കുകയാണ്. യുക്രെയ്ൻ, ഗാസ യുദ്ധങ്ങൾ. ഇതിനിടയിൽ ഇന്ത്യ - പാക് യുദ്ധം തുടങ്ങി നാലുദിവസത്തിനുള്ളിൽ വിരാമമായത് മാത്രമാണ് ലോകത്തിന് ആശ്വാസം പകരുന്നത്. അധികാരത്തിലേറിയാൽ 24 മണിക്കൂറിനകം യുക്രെയിൻ, ഗാസ യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഇലക്‌ഷൻ പ്രചാരണത്തിനിടെ പറഞ്ഞപ്പോൾ ലോക ജനത പൊതുവെ അതു ശരിയായിരിക്കുമെന്നാണ് കരുതിയത്. ട്രംപ് അധികാരത്തിൽ വന്നിട്ട് മാസങ്ങൾ കടന്നുപോയിരിക്കുന്നു. രണ്ട് യുദ്ധങ്ങളും തുടരുകയാണെന്നു മാത്രമല്ല, അതിതീവ്രത കൈവരിക്കുകയും ചെയ്തിരിക്കുന്നു. ട്രംപ് പറഞ്ഞാൽ ആരും കേൾക്കില്ല എന്നത് ബോദ്ധ്യപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അതിന്റെ ജാള്യം മറയ്ക്കാനാണ് ഇന്ത്യ - പാക് യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലിലൂടെയാണെന്ന് വീമ്പുപറഞ്ഞത്. യാഥാർത്ഥ്യം അതല്ലാത്തതിനാൽ ആരും കാര്യമായെടുത്തില്ല.
പക്ഷേ ലോകത്ത് തുടരുന്ന രണ്ട് യുദ്ധങ്ങൾ ഒരു മൂന്നാം ലോക മഹായുദ്ധത്തിന് വഴിതുറക്കുമോ എന്ന ആശങ്ക ദിനംപ്രതി കൂടുതൽ ശക്തമായി വരികയാണ്. രണ്ടുദിവസം മുമ്പ് നടന്ന യുക്രെയിന്റെ സമാനതകളില്ലാത്ത ഡ്രോൺ ആക്രമണം ഈ ആശങ്കയ്ക്ക് തീപിടിപ്പിച്ചിരിക്കുകയാണ്. റഷ്യയുടെ അഞ്ച് വ്യോമത്താവളങ്ങളാണ് തകർന്നത്. അമ്പതിലധികം ബോംബർ വിമാനങ്ങൾ ഒറ്റയടിക്ക് ഇല്ലാതായി. ഇരുനൂറ് കോടിയുടെ നഷ്ടമാണ് ഈ ഒരൊറ്റ ആക്രമണത്തിലൂടെ റഷ്യയ്ക്ക് സംഭവിച്ചിരിക്കുന്നത്. അതും, എല്ലാ സുരക്ഷാ കണ്ണുകളും വെട്ടിച്ച് റഷ്യയുടെ മണ്ണിലെത്തിച്ച ട്രക്കുകളിൽ ഒളിപ്പിച്ചിരുന്ന 117 ഡ്രോണുകളാണ് റഷ്യൻ വ്യോമത്താവളങ്ങൾ നിലംപരിശാക്കിയത്. ഒരൊറ്റ ഭടനെപ്പോലും യുക്രെയിന് നഷ്ടപ്പെട്ടില്ല. ഡ്രോണുകളെ നിയന്ത്രിച്ചത് യുക്രെയിനിലിരുന്നാണെന്നാണ് അവർ പറയുന്നത്. ആക്രമണത്തിന്റെ ഓരോ ദൃശ്യവും ഡ്രോൺ ക്യാമറകൾ പകർത്തി അയച്ചുകൊടുക്കുകയും ചെയ്തു.
മാറിയ യുദ്ധരീതിയുടെ ഏറ്റവും വ്യത്യസ്തമായ മാതൃകയാണ് ഈ ആക്രമണത്തിലൂടെ യുക്രെയ്ൻ കാട്ടിയിരിക്കുന്നത്. ഇനിയുള്ള യുദ്ധങ്ങളിൽ ശക്തിക്കപ്പുറം ടെക്‌നോളജിയിൽ അധിഷ്ഠിതമായ നിർമ്മിത ബുദ്ധിയാണ് ജയപരാജയങ്ങൾ നിർണയിക്കുന്നതെന്ന വസ്‌തുതയും ലോകത്തിന് ബോദ്ധ്യപ്പെടുകയാണ്. ഇന്ത്യ - പാക് യുദ്ധം നാല് ദിവസംകൊണ്ട് അവസാനിച്ചതും മറ്റൊന്നുകൊണ്ടായിരുന്നില്ല. പാകിസ്ഥാനിലെ ജനങ്ങളെ പൂർണമായും ഒഴിവാക്കിയാണ് ഇന്ത്യ ആക്രമണ ലക്ഷ്യങ്ങൾ തിരഞ്ഞെടുത്തത്. ആദ്യം ഭീകര ക്യാമ്പുകൾ തകർത്തു. പാകിസ്ഥാൻ പ്രത്യാക്രമണം നടത്തിയപ്പോൾ മിലിട്ടറി കേന്ദ്രങ്ങളും വ്യോമത്താവളങ്ങളും തകർത്തു. അതായത്, ഇനിയും തലപൊക്കിയാൽ തല കാണില്ല എന്ന വ്യക്തമായ സന്ദേശം വൻ നാശനഷ്ടങ്ങൾ വിതയ്ക്കുന്ന പ്രഹരം നൽകാതെ തന്നെ പാകിസ്ഥാന് നൽകി. മൂന്നര വർഷം കഴിഞ്ഞിട്ടും വൻ ശക്തിയായ റഷ്യയ്ക്ക് ഇത്തരമൊരു സന്ദേശം യുക്രെയിനു നൽകാൻ കഴിഞ്ഞില്ല.
ഒന്നരക്കൊല്ലം നടത്തിയ തയ്യാറെടുപ്പിനൊടുവിലാണ് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയത്. വീഡിയോ ഗെയിം പോലെ റിമോട്ട് സാങ്കേതിക വിദ്യയിലേക്ക് ആധുനിക യുദ്ധങ്ങൾ മാറിയിരിക്കുന്നു. ഗാസ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്കു മേൽ തുടരെ ബോംബാക്രമണങ്ങൾ നടക്കുന്നു. ജപ്പാൻ പേൾഹാർബർ ആക്രമണം നടത്തിയതിനു ശേഷമാണ് അമേരിക്ക രണ്ടാം ലോക മഹായുദ്ധത്തിൽ നേരിട്ട് പങ്കാളിയായത്. അത് അവസാനിച്ചത് ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബാക്രമണത്തോടെ ആയിരുന്നു. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് 4000 കിലോമീറ്റർ അകലെ സൈബീരിയയിൽ നടത്തിയ ഡ്രോൺ ആക്രമണം റഷ്യയുടെ 'പേൾ ഹാർബറായാ"ണ് യുദ്ധ വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇനി എന്ത് എന്ന ചോദ്യം അവശേഷിക്കുകയാണ്. ആയുധക്കച്ചവടക്കാർക്ക് വിട്ടുകൊടുക്കാനുള്ളതല്ല ഈ ലോകം എന്നു തിരിച്ചറിഞ്ഞ് ലോക നേതാക്കൾ സമാധാനത്തിനുള്ള തീവ്രശ്രമങ്ങൾ സമാരംഭിക്കേണ്ട ഘട്ടമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |