കൊച്ചി: കേരള സ്റ്രേറ്റ് വെയർഹൗസിംഗ് കോർപ്പറേഷനിൽ സ്ഥിരം മാനേജിംഗ് ഡയറക്ടറെ നിയമിക്കാൻ സർക്കാരും കോർപ്പറേഷനും നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഇടക്കാല എം.ഡിയായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ അനിൽ എസ്. ദാസിന് രണ്ടു മാസത്തിനപ്പുറം കാലാവധി നീട്ടി നൽകാനാകില്ലെന്നും ജസ്റ്റിസ് സുശ്രുത് ധർമ്മാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. സിംഗിൾബെഞ്ച് വിധിക്കെതിരെ അനിൽ എസ്. ദാസും സർക്കാരും നൽകിയ അപ്പീലുകൾ തള്ളിയാണ് ഉത്തരവ്.
കോർപ്പറേഷൻ ഡയറക്ടർബോർഡുമായി കൂടിയാലോചന നടത്താതെ സർക്കാർ നടത്തിയ അനിലിന്റെ നിയമനം ഡിസംബർ 20ന് സിംഗിൾബെഞ്ച് റദ്ദാക്കിയിരുന്നു. സ്ഥിരം എം.ഡിയെ രണ്ടു മാസത്തിനകം നിയമിക്കണമെന്നും നിർദ്ദേശിച്ചു. ഈ ഉത്തരവ് ഡിവിഷൻബെഞ്ച് ശരിവച്ചു.
പുതിയ എം.ഡിയെ നിയമിക്കുന്നത് വരെ അനിൽ എസ്. ദാസിന് തുടരാമെന്ന് ഇടക്കാല ഉത്തരവുണ്ടായിരുന്നു. അത് അനിശ്ചിതമായി നീട്ടാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി രണ്ടു മാസത്തെ കാലാവധി വച്ചത്. എം.ഡി നിയമനത്തിന് അവസരം തേടുന്ന തിരുവനന്തപുരം സ്വദേശി കെ. വിക്രമന്റെ ഹർജിയിലായിരുന്നു നേരത്തേ സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |