ആലപ്പുഴ: സ്വയംപര്യാപ്ത ക്ഷീര കേരളം എന്ന പ്രതീക്ഷ സാക്ഷാത്കരിക്കാൻ സംസ്ഥാനത്തെ 50 ബ്ളോക്ക് പഞ്ചായത്തുകളിൽ 'ഉരുക്കളെ വാങ്ങൽ പദ്ധതി" നടപ്പാക്കും. ക്ഷീരവികസന വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള ഹ്രസ്വകാല പദ്ധതികളിൽ പ്രധാനപ്പെട്ടതാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10,000 കറവപ്പശുക്കളെ അധികമായി കൊണ്ടുവരികയാണ് ലക്ഷ്യം. നിലവിൽ 60,000 - 65,000 രൂപവരെ വിലവരുന്ന പശുവിന് 30,000 രൂപ ബ്ളോക്ക് പഞ്ചായത്തുകൾ ധനസഹായമായി നൽകുന്നുണ്ട്.
പാൽ ഉത്പാദനത്തിൽ മുൻപന്തിയിലുള്ള ക്ഷീരമേഖലയിൽ മികവ് പുലർത്തുന്ന സംസ്ഥാനത്തെ 50 ഫോക്കസ് ബ്ലോക്കുകളിലെ ക്ഷീരവികസന യൂണിറ്റുകളെ കേന്ദ്രീകരിച്ചാവും പദ്ധതി.
വയനാടാണ് മുഴുവൻ ബ്ളോക്കുകളിലും പദ്ധതി നടപ്പാക്കുന്ന ഏകജില്ല. മറ്റ് ജില്ലകളിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന മേഖലകളും ഏറ്റവുമധികം ക്ഷീരോത്പാദക സംഘങ്ങളുമുള്ള ബ്ളോക്ക് പഞ്ചായത്ത് പ്രദേശങ്ങളുമാണ് ഫോക്കസ് ഏരിയകൾ. 50 ഫോക്കസ് ബ്ലോക്കുകളുടെ പരിധിയിലുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളും കറവപ്പശുക്കളെ വാങ്ങൽ 2024-25 വർഷം ഉത്പാദനമേഖലയിലെ നിർബന്ധിത പദ്ധതിയായി ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ അഭ്യർത്ഥനപ്രകാരം ഏറ്റെടുത്തിട്ടുണ്ട്. മികച്ച ഉത്പാദന- രോഗ പ്രതിരോധ ശേഷിയുള്ള സങ്കരയിനം പശുക്കളെയാണ് വാങ്ങേണ്ടത്. ഉരുക്കളെ വാങ്ങൽ പദ്ധതിയിലൂടെ അരലക്ഷം മെട്രിക് ടൺ പാലുത്പാദനമാണ് പ്രതിദിനം ലക്ഷ്യമിടുന്നത്.
കിടാരികൾക്ക് സബ്സിഡി
വർഗ്ഗഗുണമുള്ളതും ഉത്പാദന ശേഷിയുള്ളതുമായ ജേഴ്‌സി, എച്ച്.എഫ് ഇനങ്ങളിൽപ്പെട്ട 100 കന്നുകുട്ടികളെ വീതം വാങ്ങി ഫാമുകളിൽ വളർത്തി ഒരു വർഷം പ്രായമാകുമ്പോൾ കർഷകർക്ക് സബ്സിഡി ആനുകൂല്യത്തോടെ സർക്കാർ ഫാമുകളിലെ വിലയ്ക്ക് നൽകാനും ജില്ല പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിദിന പാലുത്പാതനം
നിലവിൽ .................... 69 ലക്ഷം മെട്രിക് ടൺ
സംഘങ്ങൾ വഴി ........ 18 ലക്ഷംമെട്രിക് ടൺ
ലക്ഷ്യം....................... 77 ലക്ഷംമെട്രിക് ടൺ
കുറവ്........................ 7.71ലക്ഷം മെട്രിക് ടൺ
ഉരുക്കളെ വാങ്ങൽ പദ്ധതിക്ക് ഫോക്കസ് ബ്ളോക്കുകളെല്ലാം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഓരോ ബ്ളോക്കിലും 100 പശുക്കളെ വീതം കൂട്ടി സംസ്ഥാനത്തെ പ്രതിദിന ഉത്പാദനത്തിൽ അരലക്ഷം മെട്രിക് ടണ്ണിന്റെ വർദ്ധനയാണ് ലക്ഷ്യമിടുന്നത്. ഗ്രാമസഭകൾ വഴി ഗുണഭോക്താക്കളെ കണ്ടെത്തിയാകും ധനസഹായം നൽകുക
- ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |