വിതുര: തൊളിക്കോട് പഞ്ചായത്തിലെ കടുക്കാക്കുന്ന് ഗവ. ട്രൈബൽ എൽ.പി.എസിൽ പഠനനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ക്ലാസ് മുറികളിലെല്ലാം എ.സി സ്ഥാപിച്ചു. സ്കൂളിൽ നടപ്പാക്കുന്ന വർണകൂടാരം പദ്ധതിയുമായി ബന്ധപ്പെട്ടാണ് പദ്ധതി. വർണകൂടാരനിർമ്മാണത്തിനായി 10 ലക്ഷംരൂപ അനുവദിച്ചിരുന്നു. നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറ് ക്ലാസ്‌മുറികളിലാണ് എ.സി പ്രവർത്തിക്കുന്നത്. മലയോരമേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അടുത്തിടെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ പ്രശ്നത്തിൽ അടിയന്തരമായി ബന്ധപ്പെട്ടു. തുടർന്ന് സർക്കാർ അടുത്തിടെ ഒരു കോടി 20 ലക്ഷം രൂപ വിനിയോഗിച്ച് ബഹുനിലമന്ദിരവും നിർമ്മിച്ചുനൽകി. വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്ന സ്കൂളിൽ പുതിയതായി 23 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. മലയടി, വിനോബാനികേതൻ സൗഹൃദകൂട്ടായ്മയാണ് എ.സികൾ നൽകിയത്. വിരലിലെണ്ണാവുന്ന വിദ്യാർത്ഥികളുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 93 വിദ്യാർത്ഥികളുണ്ട്. സ്കൂൾ സമയം കഴിഞ്ഞാലും രാത്രി 7 മുതൽ 9 വരെ ഒാൺലൈൻ ക്ലാസുകളുമുണ്ടാകും. പഠനനിലവാരം ഉയർത്തുന്നതിനായി തൊളിക്കോട് പഞ്ചായത്തിന്റെയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പ്രവേശനോത്സവം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ്കമ്മിറ്റിചെയർമാൻമാരായ വിനോബാനികേതൻ ആർ.ലിജുകുമാർ,തോട്ടുമുക്ക് അൻസർ,പി.ടി.എ പ്രസിഡന്റ് ബലവീരഹരി,ഹെഡ്മിസ്ട്രസ് ഷെഫീല,മലയടി വാർഡ്മെമ്പർ എസ്.ബിനിതമോൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |