കോന്നി : മുൻ ഗവ.പ്ലീഡർ അഡ്വ.നൗഷാദ് തോട്ടത്തിൽ പ്രതിയായ പോക്സോ കേസ് അന്വേഷണത്തിൽ പൊലീസ് കാട്ടിയ വിമുഖത അതിജീവത ചോദ്യം ചെയ്തതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായത്. കോന്നി വൺ സ്റ്റോപ്പ് സെന്ററിൽ താമസിക്കുന്ന പെൺകുട്ടി റേഞ്ച് ഡി.ഐ.ജി അജിതാ ബീഗത്തെ അവിചാരിതമായി കണ്ടതും തന്റെ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ എന്താണ് വിമുഖത എന്ന ചോദ്യം ഉന്നയിച്ചതും കേസ് അന്വേഷണത്തിലെ വീഴ്ചയിലേക്ക് വിരൽചൂണ്ടി. മറ്റൊരു പീഡനക്കേസിലെ ഇരയെ കാണുന്നതിനായി എത്തിയതായിരുന്നു ഡി.ഐ.ജി.
കോന്നി ഡിവൈ.എസ്.പി ടി.രാജപ്പൻ, എസ്.എച്ച്.ഓ പി.ശ്രീജിത്ത് എന്നിവരെയാണ് കഴിഞ്ഞദിവസം ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം സസ്പെൻഡ് ചെയ്തത്. ഒളിവിലായിരുന്ന പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയെങ്കിലും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പിന്നീട് പ്രതി നൗഷാദ് സുപ്രീം കോടതിയെ സമീപിച്ച് അറസ്റ്റ് തടഞ്ഞുകൊണ്ടുളള ഉത്തരവ് സമ്പാദിച്ചു.
ഉന്നതതലത്തിൽ സ്വാധീനമുള്ള പ്രതി മുൻ ഗവ.പ്ലീഡർ അഡ്വ.നൗഷാദ് തോട്ടത്തിലിനെ വഴിവിട്ടു സഹായിച്ചതിൽ ആറന്മുള പൊലീസിനും പങ്കുള്ളതായി സൂചനകളുണ്ട്. വിവാഹമോചന കേസ് നടന്നുവരുന്ന ദമ്പതികളുടെ മകളെയാണ് നൗഷാദ് പീഡിപ്പിച്ചത്. ഈ കേസിന്റെ ഭാഗമായിട്ടാണ് നൗഷാദ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിതാവിന്റെ സഹോദരിയാണ് പെൺകുട്ടിയെ നൗഷാദിന്റെ അടുക്കൽ എത്തിച്ചത്. 2023 ജൂൺ മുതൽ ഒരു വർഷത്തോളം പെൺകുട്ടിയെ ഇയാൾ മദ്യം നൽകി മയക്കി പലയിടങ്ങളിലായി എത്തിച്ച് പീഡിപ്പിച്ചു. പീഡനവിവരം പുറത്തു പറഞ്ഞാൽ പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിയും മുഴക്കി. ശിശുക്ഷേമ സമിതിയുടെ ഇടപെടലോടെയാണ് പീഡന പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വിവരം അറിഞ്ഞ പെൺകുട്ടിയുടെ പിതാവ് കോന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നൗഷാദിനെതിരായി പെൺകുട്ടിയുടെ മൊഴി ലഭിച്ചില്ലെന്ന കാരണത്താൽ അന്വേഷണം അവസാനിപ്പിച്ചു. ചൈൽഡ് ലൈനിനും ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകി. എന്നാൽ , പിന്നീട് ചൈൽഡ് ലൈൻ നടത്തിയ കൗൺസലിംഗിൽ പീഡന വിവരങ്ങൾ അതിജീവത തുറന്നുപറയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |