കോന്നി : മലയാലപ്പുഴ, വടശ്ശേരിക്കര പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന വട്ടത്തറ, മുക്കുഴി, പുതുക്കുളം പ്രദേശങ്ങളിൽ കാട്ടാനശല്യം പരിഹരിക്കുന്നതിനായി ഫോറസ്റ്റ് ക്യാമ്പ് ഷെഡ് സ്ഥാപിക്കാൻ ഇന്നലെ കളക്ടറേറ്റിൽ കെ.യു.ജനിഷ്കുമാർ എം.എൽ.എ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വനം, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ തീരുമാനിച്ചു. സോളാർ ഫെൻസിംഗ് അറ്റകുറ്റപ്പണി പൂർത്തീകരിക്കുന്നതിന് റാന്നി, കോന്നി ഡി.എഫ്.ഓ മാർക്ക് നിർദ്ദേശം നൽകി. തുക അനുവദിച്ച ഹാങ്ങിങ് സോളാർ ഫെൻസിങ്ങിന്റെ നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുന്നതിനും തീരുമാനിച്ചു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാകുന്ന വാർത്ത ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കാട്ടാനകൾ ഇറങ്ങുന്ന പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷി ചെയ്യുന്ന കർഷകർക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മാർഗനിർദേശം നൽകും.
കല്ലാർ കടന്നെത്തുന്ന ഭീകരത
റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ വനമേഖലയോട് ചേർന്ന ജനവാസ മേഖലയാണ് മുക്കുഴി - കോടമല ഭാഗങ്ങൾ. കാട്ടാന ശല്യം മൂലം പ്രദേശത്തെ കർഷകർ പൊറുതി മുട്ടുകയാണ്. വനത്തിൽ നിന്ന് കല്ലാർ കടന്ന് ജനവാസ മേഖലയിലെത്തുന്ന കാട്ടാനകൾ വ്യാപകമായ കൃഷിനാശമാണ് വരുത്തുന്നത്. തുടർച്ചയായി പ്രദേശത്തെ കാർഷികവിളകൾ കാട്ടാനകൾ നശിപ്പിക്കുന്നതുമൂലം കാർഷികവൃത്തി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. ജനവാസ മേഖലകളിലും കാട്ടാനകൾ പതിവായി എത്തുന്നുണ്ട്. ഒറ്റയാനും ഏഴോളം വരുന്ന കാട്ടാനക്കൂട്ടങ്ങളുമാണ് ദിവസവും പ്രദേശത്തിന് ഭീഷണിയായി മാറുന്നത്.
മുക്കുഴി, കോടമല, കുമ്പളത്താമൺ, തെക്കുംമല, വട്ടത്തറ
തുടങ്ങിയ ഭാഗങ്ങളിൽ കാട്ടാനശല്യം രൂക്ഷം.
വന്യമൃഗസംഘർഷവുമായി ബന്ധപ്പെട്ട് അടിയന്തര
സാഹചര്യത്തിൽ ബന്ധപ്പെടാം. ഫോൺ : 9188407515.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |