കൊല്ലം: കള്ളനോട്ട് കേസിൽ ശിക്ഷിക്കപ്പെട്ട് ഹൈക്കോടതിയിൽ നിന്നുള്ള ജാമ്യത്തിൽ കഴിയവെ വീണ്ടും കള്ളനോട്ടുമായി പിടിയിലായ പത്തനാപുരം പാതരിക്കൽ ആനക്കുഴി പുത്തൻ വീട്ടിൽ അബ്ദുൾ മജീദിന്റെ (59) ജാമ്യം റദ്ദ് ചെയ്തു കൊണ്ട് കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് ഉത്തരവിട്ടു,
അഞ്ചാലുംമൂട്, തൃക്കടവൂർ പ്രദേശങ്ങളിൽ 500 രൂപ കള്ളനോട്ട് വിനിമയം ചെയ്യവെ 2013 ജൂണിൽ അഞ്ചാലുംമൂട് പൊലീസ് രജിസ്റ്റർ ചെയ്ത് . കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് അന്വഷിച്ച കേസിൽ 2018 ൽ ജില്ലാ കോടതി 15 വർഷം കഠിന തടവിന് ശിക്ഷിച്ച പ്രതി ഹൈക്കോടതിയിൽ നിന്നുള്ള അപ്പീൽ ജാമ്യത്തിൽ കഴിയുകയായിരുന്നു. ജാമ്യത്തിൽ കഴിഞ്ഞിരുന്ന പ്രതിയെ 2022 ൽ വീണ്ടും 500 രൂപ കള്ളനോട്ടുമായി ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്യുകയും ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. തുടർന്ന് ഹൈക്കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ 2023 നവംബറിൽ കിളിമാനൂരിലെ വിവിധ കടകളിൽ 500 രൂപയുടെ കള്ളനോട്ട് മാറാൻ എത്തവെ കിളിമാനൂർ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്ന് 500 രൂപയുടെ 18 വ്യാജ നോട്ടുകൾ കണ്ടെടുത്തു. ചടയമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്ന കൊല്ലം റൂറൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി റെജി എബ്രഹാം പ്രതിക്ക് ഹൈക്കോടതിയിൽ നിന്ന് ലഭിച്ച ജാമ്യം റദ്ദാക്കാനായി പ്രോസിക്യൂഷൻ മുഖേനെ കോടതിയിൽ ഹർജി സമർപ്പിച്ചതിനെ തുടർന്ന് ജാമ്യം റദ്ദാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |