രണ്ട് ബേകളിലായി ഒരേ സമയം 24 കോച്ചുകളുടെ അറ്റകുറ്റപ്പണി
കൊല്ലം: കൊല്ലം മെമു ഷെഡിന്റെ രണ്ടാംഘട്ട വികസനം അന്തിമഘട്ടത്തിലായതോടെ ഒരു ബേയിൽ ഒരേസമയം 12 കോച്ചുകളുടെ (കാറുകൾ) അറ്റകുറ്റപ്പണി തുടങ്ങി. ഈമാസം അവസാനത്തോടെ നീളം കൂട്ടിയ ഭാഗത്ത് മേൽക്കൂര സ്ഥാപിക്കും. ഇതോടെ രണ്ട് ബേകളിലായി ഒരേ സമയം 24 കോച്ചുകളുടെ അറ്റകുറ്റപ്പണി നടക്കും.
കോച്ചുകൾ അറ്റകുറ്റപ്പണി നടത്തുന്ന ബേയുടെ നീളം നേരത്തെ 210 മീറ്ററായിരുന്നു. ഇത് 160 മീറ്റർ കൂടി വർദ്ധിപ്പിക്കുന്നതാണ് രണ്ടാംഘട്ട വികസനം. കായംകുളം ഭാഗത്തേക്കുള്ള 90 മീറ്റർ നീളം വർദ്ധിപ്പിക്കലാണ് അന്തിമഘട്ടിലെത്തിയത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള 70 മീറ്റർ നീളം വർദ്ധിപ്പിക്കൽ വൈകാതെ ആരംഭിച്ച് ഒക്ടോബറിൽ പൂർത്തിയാകും. ഇതോടെ രണ്ട് ബേകളിലായി ഒരേ സമയം 32 കോച്ചുകളുടെ അറ്റകുറ്റപ്പണി നടത്താം.
ചെമ്മാംമുക്ക് ആർ.ഒ.ബിക്ക് സമീപം 100 മീറ്റർ നീളത്തിലുള്ള മെമു റിപ്പയറിംഗ് ഷെഡിന്റെ നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാകും. മെമു കോച്ചുകൾ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. 25 മീറ്റർ നീളത്തിലും തറനിരപ്പിൽ നിന്ന് 1.10 മീറ്റർ ആഴത്തിലും ഇൻസ്പെക്ഷൻ പിറ്റ്, തറനിരപ്പിൽ 75 മീറ്റർ നീളത്തിൽ എപ്രൺ എന്നിവയാണ് റിപ്പയറിംഗ് ഷെഡിലുള്ളത്.
പുതിയ വീൽ ലെയ്ത്ത് ഷെഡ്
ആർ.ഒ.ബിക്ക് പുതിയ വീൽ ലെയ്ത്ത് ഷെഡിന്റെ നിർമ്മാണം ഒക്ടോബറിൽ തുടങ്ങും. രണ്ടാംഘട്ട വികസന പദ്ധതിയിൽ നിന്ന് വാഷിംഗ് പിറ്റ് ഉപേക്ഷിച്ചാണ് വീൽ ലെയ്ത്ത് ഷെഡ് ഉൾപ്പെടുത്തിയത്.
..................................................
രണ്ടാംഘട്ട വികസനം: ₹ 43 കോടി
മെമു ഷെഡിന്റെ നീളം: 160 മീറ്ററാക്കും
90 മീറ്റർ നീളം കൂട്ടൽ പൂർത്തിയായി
ഇനി 70 മീറ്റർ കൂടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |