ആർ.സി.ബിയുടെ കാത്തിരിപ്പ് അവസാനിച്ചു, പഞ്ചാബ് തുടരും
അഹമ്മദാബാദ് : 18-ാം നമ്പർ കുപ്പായമണിഞ്ഞ് 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിരാട് കൊഹ്‌ലിയെത്തേടി ഐ.പി.എൽ കിരീടമെത്തി. എല്ലാ സീസണിലും '' ഈ സാല നമ്ഡെ കപ്പ് "" എന്നുരുവിട്ടിരുന്ന ആർ.സി.ബി ആരാധകർക്ക് കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ കപ്പ് ആഘോഷമാക്കാം.
ഇന്നലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി 190/9 എന്ന സ്കോറിൽ ഒതുങ്ങിയപ്പോൾ ആരാധകർ ഒന്നുഭയന്നിരുന്നു.എന്നാൽ കൃത്യമായ ഇടവേളകളിൽ പഞ്ചാബിന്റെ വിക്കറ്റുകൾ വീഴ്ത്തിയ ആർ.സി.ബി ബൗളർമാർ കളി പിടിച്ചെടുത്തു. ഓപ്പണർ പ്രഭ്സിമ്രാനെയും (26) ജോഷ് ഇൻഗിലിസിനെയും (39) പുറത്താക്കിയ കരുനാൽ പാണ്ഡ്യയും ശ്രേയസ് അയ്യരെ(1) മടക്കി അയച്ച റൊമാരിയോ ഷെപ്പേഡും പ്രിയാംശിനെ(24)പുറത്താക്കി ആദ്യ പ്രഹരമേൽപ്പിച്ച ഹേസൽവുഡും ഒരേ ഓവറിൽ നെഹാലിനെയും (15) സ്റ്റോയ്നിസിനെയും (6) മടക്കിയ ഭുവനേശ്വർ കുമാറും ചേർന്നാണ് ആർ.സി.ബിയെ കിരീടമണിയിച്ചത്. ഒടുവിൽ 30 പന്തുകളിൽ പുറത്താകാതെ 61 റൺസ് നേടിയ ശശാങ്കിന് ഒരു സിക്സകലെ കിരീടം കൈവിട്ടുപോകുന്നത് കണ്ടുനിൽക്കേണ്ടിവന്നു. അതിന് മുന്നേ വിജയം ഉറപ്പായപ്പോൾ വിരാട് കൊഹ്‌ലി ആനന്ദക്കണ്ണീരടക്കാൻ കഴിയാതെ ഗ്രൗണ്ടിലിരുന്നു പോയിരുന്നു.
മഴ മാറി നിന്ന ഫൈനൽ ഡേ
മഴയുണ്ടാകുമോ എന്ന് ഭയന്നെങ്കിലും മാനം തെളിഞ്ഞുനിന്നപ്പോഴാണ് ആർ.സി.ബിയും പഞ്ചാബും കലാശക്കളിക്കായി കളത്തിലിറങ്ങിയത്. ടോസ് നേടിയ പഞ്ചാബ് ക്യാപ്ടൻ ശ്രേയസ് അയ്യർ ആർ.സി.ബിയെ ബാറ്റിംഗിന് വിടുകയായിരുന്നു. ഫിൽ സാൾട്ടും വിരാട് കൊഹ്‌ലിയും ചേർന്നാണ് ഓപ്പണിംഗിനെത്തിയത്. പഞ്ചാബിനുവേണ്ടി ന്യൂ ബാൾ എടുത്ത അർഷദീപ് ആദ്യമെറിഞ്ഞത് വൈഡായിരുന്നു.തുടർന്ന് രണ്ട് പന്തുകളിൽ റൺസ് എടുക്കാതിരുന്ന സാൾട്ട് മൂന്നാം പന്തിൽ ഡീപ് ഫൈൻ ലെഗിലൂടെ സിക്സിന് പറത്തി.ആദ്യ ഓവറിൽ 13 റൺസാണ് അർഷ്ദീപ് വിട്ടുകൊടുത്തത്.
ജാമീസൺ ജാലം
രണ്ടാം ഓവറിനായി പന്തെടുത്ത ന്യൂസിലാൻഡ് പേസർ കൈൽ ജാമീസണാണ് ആർ.സി.ബിക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്.നാലാം പന്തിൽ സാൾട്ടിന്റെ ലക്ഷ്യം തെറ്റി ഉയർന്നുപൊങ്ങിയ ഷോട്ട് ശ്രേയസ് പിന്നോട്ടോടി കയ്യിലൊതുക്കുകയായിരുന്നു.ഒൻപത് പന്തുകൾ നേരിട്ട് രണ്ട് ഫോറും ഒരു സിക്സുമടക്കമാണ് സാൾട്ട് 16 റൺസ് നേടിയത്. ഇതോടെ മായാങ്ക് അഗർവാൾ ക്രീസിലേക്കെത്തി. മൂന്നാം ഓവറിന്റെ അവസാന പന്തിൽ അർഷ്ദീപിനെ സിക്സിന് പറത്തി മായാങ്ക് റൺറേറ്റ് താഴാതെ നോക്കി. വിരാടും മായാങ്കും ചേർന്ന് ആദ്യ ആറോവർ പവർ പ്ളേയിൽ ആർ.സി.ബിയെ 55/1 എന്ന നിലയിലെത്തിച്ചു.
ചഹലിന്റെ വരവ്
പവർ പ്ളേ കഴിഞ്ഞ് ശ്രേയസ് ചഹലിനെ പന്തേൽപ്പിച്ചതോടെ ആർ.സി.ബിക്ക് അടുത്ത അടിയും കിട്ടി. തന്റെ രണ്ടാമത്തെ പന്തിൽതന്നെ മായാങ്കിനെ അർഷ്ദീപിന്റെ കയ്യിലെത്തിക്കുകയായിരുന്നു ചഹൽ. 18 പന്തുകളിൽ രണ്ട് ഫോറും ഒരു സിക്സും പറത്തിയാണ് മായാങ്ക് 24 റൺസെടുത്തത്. തുടർന്ന് ക്രീസിലെത്തിയ നായകൻ രജത് പാട്ടീദാർ ചഹലിനെ സിക്സ് പറത്തി ആത്മവിശ്വാസം വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 100ലെത്തും മുന്നേ കൂടാരം കയറേണ്ടിവന്നു .11 ഓവറിൽ 96 റൺസിൽ നിൽക്കുമ്പോൾ ജാമീസണാണ് പാട്ടീദാറിനെ എൽ.ബിയിൽ കുരുക്കിയത്. 16 പന്തുകൾ നേരിട്ട പാട്ടീദാർ ഒരു ഫോറും രണ്ട് സിക്സുകളും പായിച്ചു.
വിരാടും വീണു
ലിയാം ലിവിംഗ്സ്റ്റണിനെക്കൂട്ടി ടീമിനെ 100 കടത്തിയ വിരാട് അർദ്ധസെഞ്ച്വറിയിലേക്ക് കുതിക്കവേ 15-ാം ഓവറിലാണ് തിരിച്ചുനടന്നത്. ഒമർസായിയുടെ പന്ത് അടിച്ചുപൊക്കിയ വിരാടിനെ ഒമർസായ് തന്നെ ക്യാച്ചെടുക്കുകയായിരുന്നു.35 പന്തുകൾ നേരിട്ട വിരാട് മൂന്ന് ഫോറുകളേ പായിച്ചുള്ളൂ. സിക്സടിക്കാൻ കഴിഞ്ഞുമില്ല.വിരാട് മടങ്ങിയതോടെ ആർ.സി.ബി 14.5 ഓവറിൽ 131/4 എന്ന നിലയിലായി.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച് സ്കോർ ഉയർത്താനായിരുന്നു പിന്നീട് ആർ.സി.ബി ബാറ്റർമാരുടെ ലക്ഷ്യം. ജാമീസൺ എറിഞ്ഞ 17-ാം ഓവറിൽ ജിതേഷ് രണ്ട് സിക്സുകളും ലിവിംഗ്സ്റ്റൺ ഒരു സികസും പറത്തി.എന്നാൽ അഞ്ചാം പന്തിൽ ജാമീസൺ ലിവിംഗ്സ്റ്റണിനെ വിക്കറ്റിന് മുന്നിൽ കുരുക്കി. 15 പന്തുകളിൽ രണ്ട് സിക്സുകൾ പറത്തിയാണ് ലിവിംഗ്സ്റ്റൺ 25 റൺസ് നേടിയത്. ഈ ഓവറിൽ 23 റൺസാണ് ജാമീസൺ വിട്ടുകൊടുത്തത്. തന്റെ ആദ്യ മൂന്നോവറിൽ 25 റൺസാണ് ജാമീസൺ വിട്ടുകൊടുത്തത്.
18-ാം ഓവറിൽ റൊമാരിയോ ഷെപ്പേഡിന്റെ ക്യാച്ച് മിസാവുകയും ജിതേഷ് കീപ്പർ ക്യാച്ചിൽ നിന്ന് ഡി.ആർ.എസിലൂടെ രക്ഷപെടുകയും ചെയ്തു. എന്നാൽ നാലാം പന്തിൽ ജിതേഷിനെ വൈശാഖ് ബൗൾഡാക്കി വിട്ടു. 10 പന്തുകളിൽ രണ്ടുവീതം ഫോറും സിക്സുമാണ് ജിതേഷ് നേടിയത്. ഇതോടെ ആർ.സി.ബി 171/6 എന്ന നിലയിലായി. ആദ്യ ഓവറുകളിൽ നന്നായി തല്ലുകൊണ്ട അർഷ്ദീപ് അവസാന ഓവറിൽ ഷെപ്പേഡിനെയും(17) ക്രുനാലിനെയും(4) ഭുവനേശ്വറിനെയും (1) പുറത്താക്കി.
പാളിയ പഞ്ചാബ് മറുപടി
പ്രിയാംശ് ആര്യയും (24), പ്രഭ് സിമ്രാൻ സിംഗും (26) നന്നായി തുടങ്ങിയെങ്കിലും അഞ്ചാം ഓവറിൽ ഹേസൽവുഡ് പ്രിയാംശിനെ പുറത്താക്കിയതോടെ പഞ്ചാബിന്റെ താളം തെറ്റാൻ തുടങ്ങി. ഒൻപതാം ഓവറിൽ ജോഷ് ഇൻഗിലിസും 10-ാം ഓവറിൽ പ്രതീക്ഷയായിരുന്ന നായകൻ ശ്രേയസും 13-ാം ഓവറിൽ ഇൻഗിലിസും മടങ്ങിയത് അവർക്ക് വലിയ തിരിച്ചടിയായി. തുടർന്ന് നെഹാൽ വധേരയും സ്റ്റോയ്നിസും കൂടി പുറത്തായി. ഒടുവിൽ ശശാങ്ക് സിംഗിന്റെ കൂറ്റനടികൾക്കും വിധിയെ മാറ്റാനായില്ല.
ക്രുനാൽ പാണ്ഡ്യ മാൻ ഒഫ് ദ മാച്ച്
നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയാണ് മാൻ ഒഫ് ദ മാച്ച്.
രണ്ട് ഐ.പി.എൽ ഫൈനലുകളിൽ മാൻ ഒഫ് ദ മാച്ചാകുന്ന ആദ്യ താരമാണ് ക്രുനാൽ.
2017ലെ ഫൈനലിൽ മുംബയ്ക്ക് വേണ്ടി പൂനെയ്ക്ക് എതിരെയും ക്രുനാൽ മാൻ ഒഫ് ദ മാച്ചായിരുന്നു.
ഈ സീസണിലെ ആർ.സി.ബിയുടെ ആദ്യ മത്സരത്തിലും ക്രുനാലായിരുന്നു മാൻ ഒഫ് ദ മാച്ച്.
ഓരോ ആർ.സി.ബി ആരാധകനും ഈയൊരു നിമിഷത്തിനായി എത്ര നാളായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം.ഓരോസീസണിലും കഴിവിന്റെ പരമാവധി പരിശ്രമിച്ചിരുന്നു. ഒടുവിൽ ഈ നിമിഷം വന്നെത്തുമ്പോൾ എങ്ങനെ സന്തോഷം പ്രകടിപ്പിക്കണമെന്നറിയില്ല.ഇന്നുരാത്രി ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാൻ മതിമറന്നുറങ്ങും.
- വിരാട് കൊഹ്‌ലി
ഓറഞ്ച് ക്യാപ്പ്: സായ് സുദർശൻ ( 759റൺസ്)
പർപ്പിൾ കാച്ച് : പ്രസിദ്ധ് കൃഷ്ണ (25 വിക്കറ്റ്)
കൂടുതൽ സിക്സുകൾ : നിക്കോളാസ് പുരാൻ(40)
കൂടുതൽ ഫോറുകൾ : സായ് സുദർശൻ (88)
ക്യാച്ച് ഒഫ് ദ സീസൺ : കുശാൽ മെൻഡിസ്
20 കോടിരൂപ ആർ.സി.ബിക്ക് പ്രൈസ്മണി
പഞ്ചാബിന് 12.5 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |