കോട്ടയം : ഇനി ഞങ്ങളെന്ത് ചെയ്യും. നെല്ലിന്റെ പണം ഇനിയും വൈകിയാൽ കിടപ്പാടം നഷ്ടപ്പെടും! ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും നെൽകർഷകർ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നെല്ല് സംഭരിച്ച് മൂന്നുമാസം പിന്നിട്ടിട്ടും പണം സർക്കാർ നൽകാത്തത് പലരെയും കടക്കെണിയിലേക്ക് തള്ളിവിട്ടു. വായ്പയെടുത്ത് കൃഷിയിറക്കിയ പലരും ജപ്തി ഭീഷണിയിലാണ്. ചിലർ അടുത്ത കൃഷിയ്‌ക്കുള്ള നിലം ഒരുക്കാനും വിത്തുവാങ്ങാനുമുള്ള പണത്തിനായുള്ള നെട്ടോട്ടട്ടത്തിലും. മാർച്ച് ആദ്യം വരെ നെല്ല് സംഭരിച്ചതിനുള്ള രസീത് നൽകിയെങ്കിലും പണം ഇതു വരെ ബാങ്കിൽ എത്തിയിട്ടില്ല. 140 കോടി രൂപയാണ് ജില്ലയിലെ കർഷകർക്ക് കിട്ടാനുള്ളത്.
സർക്കാർ ഗ്യാരന്റിയിൽ നെൽകർഷകർക്ക് പി.ആർ.എസിന് നൽകുന്ന വായ്പയുടെ പലിശ നിരയ്ക്ക് ഉയർത്തണമെന്ന് കൺസോർഷ്യത്തിലുള്ള കാനറാബാങ്ക് ആവശ്യപ്പെട്ടത് സർക്കാർ അംഗീകരിക്കാത്തതാണ് പ്രതിസന്ധിയ്‌ക്ക് ഇടയാക്കിയത്. വായ്പാനിരക്ക് കുറയ്ക്കാനുള്ള ചർച്ചയും നീളുകയാണ്.
അടുത്ത കൃഷിയ്‌ക്കായി ബ്ലേഡുകാരെ സമീപിച്ച്
ആദ്യം കൊയ്ത്ത് നടന്ന പാടങ്ങളിലെ കർഷകർക്കാണ് പണം ലഭിച്ചത്. ഇത് 25 കോടിയിൽ താഴെയാണ്. ആകെ ഉത്പാദനത്തിന്റെ പത്തുശതമാനം. മൂന്നുലക്ഷം രൂപ വരെ കിട്ടാനുള്ളവരുണ്ട്. സ്കൂൾ തുറക്കുന്ന സമയമായതിനാൽ പലരും ബുദ്ധിമുട്ടിലാണ്. നിലം തരിശിടുന്നത് അധിക ചെലവാകുമെന്നതിനാൽ ബ്ലേഡ് പലിശയ്ക്ക് പണം വാങ്ങി അടുത്ത കൃഷിയ്ക്കുള്ള ഭാഗ്യപരീക്ഷണത്തിലാണ് കർഷകർ. ഏപ്രിൽ വരെയുള്ള പി.ആർ.എസേ എസ്.ബി ഐയും വാങ്ങുന്നുള്ളൂ.
50000 മെട്രിക് ടൺ ഉത്പാദനം പ്രതീക്ഷിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയിൽ 42000 മെട്രിക് ടണ്ണേ ലഭിച്ചുള്ളൂ. 30 ശതമാനം വരെ കിഴിവ് നൽകിയ വകയിലും വൻനഷ്ടം.
''നെല്ല് സംഭരണത്തിന് 100 കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ വിതരണം പൂർത്തിയാകുന്നതോടെ 152 കോടി കൂടി ലഭ്യമാക്കും. കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില ഇതോടെ പൂർണമായി നൽകാനാകും. കേന്ദ്രസർക്കാരിൽ നിന്ന് 1108 കോടി രൂപ ലഭിക്കാനുണ്ട്.
-ജി.ആർ.അനിൽ (ഭക്ഷ്യകുപ്പ് മന്ത്രി)
''നെല്ല് സംഭരിച്ച പണത്തിനായി മൂന്നു മാസമായി ബാങ്കുകയറി മടുത്തു. പണം കൊടുത്തെന്ന് മന്ത്രി പറയുന്നതിനെക്കുറിച്ച് അറിയില്ല. അത് ശരിയെങ്കിൽ ബാങ്കുകൾ പണം തരാതെ പിടിച്ചുവച്ചിരിക്കുകയായിരിക്കും.
വിശ്വനാഥൻ (നെൽകർഷകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |